പുകവലിക്കാരെ കൊറോണ വൈറസ് പെട്ടെന്നു പിടികൂടുമെന്ന ധാരണ തിരുത്തുകയാണ് ഫ്രാന്‍സിലെ ചില പഠനങ്ങള്‍. എന്നാല്‍, വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ പുകവലിക്കാരെ എളുപ്പത്തില്‍ കീഴടക്കുമെന്നായിരുന്ന ചില ചൈനീസ് പഠനങ്ങളുടെ നിഗമനം.

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ ഗവേഷകരുടെ അനുമാനം. ഫ്രാന്‍സിലെ ഒരു സംഘം വിദഗ്ധരാണ് ഈ സാധ്യതയെക്കുറിച്ച് പഠനം നടത്തുന്നത്‌.

പാരിസിലെ പ്രമുഖ ആശുപത്രിയിലെത്തിയ 343 കോവിഡ്-19 രോഗികളില്‍ നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് നിക്കോട്ടിന് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന നിഗമനത്തില്‍ വിദഗ്ധര്‍ എത്തിച്ചേര്‍ന്നത്. കുറഞ്ഞ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരേയും നിരീക്ഷിച്ചിരുന്നു. രാജ്യത്തെ 35 ശതമാനത്തോളം ജനങ്ങള്‍ക്ക് പുകവലി ശീലമുണ്ട്. എന്നാല്‍ രോഗികളില്‍ പുകവലിക്കാര്‍ കുറവായതാണ് ഗവേഷകരെ നിക്കോട്ടിന്റെ പ്രതിരോധശേഷിയെ കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ചത്.

രോഗികളില്‍ അഞ്ച് ശതമാനത്തോളം മാത്രമായിരുന്നു പുകവലിക്കാരെന്നും ബാക്കി 95 ശതമാനം പുകവലിക്കാത്തവരില്‍ വൈറസ് ബാധയുണ്ടായതുമാണ് ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സഹീര്‍ അമോറ പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ അധ്യാപകനാണ് ഇദ്ദേഹം. കോശസ്തരത്തില്‍ പറ്റിപ്പിടിക്കുന്ന നിക്കോട്ടിന്‍ കോശങ്ങളിലേക്കുള്ള വൈറസ് പ്രവേശനവും അതു വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈറസ് വ്യാപനവും തടയുമെന്നു പാസ്ചര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ന്യൂറോ ബയോളജിസ്റ്റായ ജീന്‍ പിയര്‍ ഷാങ്ക്‌സ് വിശദമാക്കി. ഇദ്ദേഹവും പഠനത്തില്‍ പങ്കാളിയായിരുന്നു.

കൂടുതല്‍ പഠനങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരില്‍ നിക്കോട്ടിന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ഗവേഷകര്‍. ഈ പഠനം വിജയിച്ചാല്‍ കൂടുതല്‍ ഗവേഷണം നടത്തുമെന്നും ഇതിനായുള്ള അനുമതി കാത്തിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നിക്കോട്ടിന്റെ ഉപയോഗം ഉളവാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരിയിരിക്കണമെന്നും അതിനാല്‍ ഇതിന്റെ ഉപയോഗം വര്‍ധിപ്പിച്ച് വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

>ചൈനയില്‍ ആയിരം കോവിഡ് രോഗികളില്‍ പുകവലിക്കുന്നവര്‍ 12.6 ശതമാനം മാത്രമാണ് ഉള്‍പ്പെട്ടിരുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ചൈനയുടെ ജനസംഖ്യയുടെ 26 ശതമാനത്തോളം പേര്‍ സ്ഥിരം പുകവലിക്കാരാണ്. വൈറസ് ബാധിതരില്‍ കുറവ് ശതമാനം മാത്രം പുകവലിക്കാര്‍ ഉള്‍പ്പെട്ടത് പഠനറിപ്പോര്‍ട്ട് എടുത്തു പറഞ്ഞിരുന്നു.