ന്യൂഡൽഹി: കോവിഡ് അടച്ചിടൽ കാലത്ത് കുട്ടികൾക്ക് നൽകാതിരുന്ന സേവനങ്ങൾക്ക് സ്വകാര്യ സ്കൂളുകൾ ഫീസ് വാങ്ങരുതെന്ന് സുപ്രീം കോടതി. അങ്ങനെ ചെയ്യുന്നത് ലാഭമുണ്ടാക്കലും വാണിജ്യവത്കരണവുമാണെന്ന് ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടച്ചിടൽ കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂളുകൾ ഫീസിന്റെ 70 ശതമാനവും സർക്കാർ സ്കൂളുകൾ 60 ശതമാനവും മാത്രമേ ഈടാക്കാവൂ എന്ന രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹർജിയിലാണ് സുപ്രീം കോടതി വിധി.

അടച്ചിടൽ സമയത്ത് ക്ലാസുകൾ ഓൺ ലൈനായതിനാൽ സ്കൂളുകൾക്ക് പ്രവർത്തനച്ചെലവ് 15 ശതമാനമെങ്കിലും കുറഞ്ഞതായി ബെഞ്ച് വിലയിരുത്തി. അതിനാൽ ഫീസിൽ അത്രയെങ്കിലും കുറവു വരുത്താൻ സ്കൂളുകൾ തയ്യാറാവണം. സേവനത്തിന് കണക്കാക്കി മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഈടാക്കാവൂ എന്നും വാണിജ്യവത്കരണം പാടില്ലെന്നും ടി. എം. എ. പൈ, പി. എ. ഇനാംദാർ കേസുകളിൽ സുപ്രീം കോടതി വിധിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്ത വണ്ണം ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകൾക്ക് അവകാശമുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.

സ്കൂൾ മാനേജ്‌മെന്റ് പെട്രോൾ, ഡീസൽ, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാർജ്ജുകൾ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു. രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവിനെതിരേ ഹർജി നൽകിയ ജോധ്പുരിലെ ഇന്ത്യൻ സ്കൂളിന് 15 ശതമാനം ഇളവു നൽകിക്കൊണ്ട് ട്യൂഷൻ ഫീസ് ഈടാക്കാൻ സുപ്രീം കോടതി അനുമതി നൽകി.