ബിറ്റ്‌കോയിന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വടക്കന്‍ പാലൂര്‍ സ്വദേശി മേലേപീടിയേക്കല്‍ അബ്ദുല്‍ ഷുക്കൂര്‍ (25) ഉത്തരാഖണ്ഡിലെ ദെഹ്റാദൂണില്‍ കൊല്ലപ്പെട്ടിട്ടു രണ്ടുവര്‍ഷം. ബിറ്റ്‌കോയിന്‍ ഇടപാടിലെ തര്‍ക്കങ്ങളാണു കൊലയ്ക്കുപിന്നിലെന്നു തെളിഞ്ഞിട്ടും പണമിടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ല.

2019 ഓഗസ്റ്റ് 28-നാണ് മരിച്ചനിലയില്‍ പ്രേംനഗറിലുള്ള ആശുപത്രിയില്‍ ഷുക്കൂറിനെയെത്തിച്ചു മലയാളിസംഘം രക്ഷപ്പെട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ അഞ്ചു പ്രതികളെ പിടികൂടി. മുഖ്യ ആസൂത്രകനായ ആഷിഖ് ഉള്‍പ്പെടെ അഞ്ചുപേരെക്കൂടി പിന്നീട് അറസ്റ്റുചെയ്തു. പ്രതികളെല്ലാം മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ്.

485 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടിലെ പ്രശ്നങ്ങളാണു കൊലയ്ക്കു കാരണമായത്. ഷുക്കൂറിനെ നാട്ടില്‍നിന്നു ദെഹ്റാദൂണിലെ സിദ്ധൗലയിലെത്തിച്ച് പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ദെഹ്റാദൂണ്‍ പോലീസ് സംഘം ഷുക്കൂറിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

എന്നാല്‍ പ്രധാനമായും മലപ്പുറംജില്ല കേന്ദ്രീകരിച്ചുനടന്ന പണമിടപാടുകളില്‍ സംസ്ഥാനത്തെ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. മലപ്പുറം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ അന്വേഷണം. ഇപ്പോള്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്കാണ് ചുമതല.

കാസര്‍കോട്ടുള്ള കുടുംബാംഗവുമൊത്ത് ബിറ്റ്‌കോയിന്‍ ഇടപാടില്‍ പണം നിക്ഷേപിച്ചുതുടങ്ങിയ ഷുക്കൂര്‍ പിന്നീട് തായ്ലാന്‍ഡ് കേന്ദ്രീകരിച്ച് ബി.ടി.സി. ബിറ്റ്കോയിന്‍, ബിറ്റ്സെക്സ് കമ്പനികള്‍ തുടങ്ങി. ഓണ്‍ലൈനിലൂടെയായിരുന്നു ഇടപാടുകള്‍. ഷുക്കൂറിന്റേതെന്നു കരുതുന്ന കുറിപ്പുകളിലും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമയച്ച ഫോണ്‍സന്ദേശങ്ങളിലും സാമ്പത്തിക ഇടപാടുകളുടെ സൂചനയുണ്ടായിരുന്നു.

ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും കേരളത്തിലെ ഉന്നതരുടെ അറിവോടെയെന്നാരോപിച്ച് മാതാവ് സക്കീന അന്നത്തെ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. ബിറ്റ്കോയിന്‍ ഇടപാടുകളില്‍ പങ്കാളികളായിരുന്ന പലരും ഭീഷണിപ്പെടുത്തിയതായും ഇടപാടുകളുടെ രേഖകളടക്കം എടുത്തുകൊണ്ടുപോയതായും പരാതിയിലുണ്ടായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥരോടു വെളിപ്പെടുത്താമെന്നും അവര്‍ പറഞ്ഞു. അന്വേഷണത്തിനു വിദഗ്ധരുള്‍പ്പെട്ട പ്രത്യേകസംഘമുണ്ടാക്കുമെന്ന് ഡി.ജി.പി. പറഞ്ഞെങ്കിലും പ്രാഥമികാന്വേഷണം മാത്രമാണ് നടന്നത്.