ന്യൂഡൽഹി ∙ മലയാളികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമർശം ചർച്ചയാകുന്നു. കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടർനടപടികൾ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയുടെ പരാമർശം. കേരളം ഭാഷാസൗഹൃദ സംസ്ഥാനമാണെന്നും മിക്കവർക്കും ഇംഗ്ലീഷ് അറിയാമെന്നും ഭർത്താവിനായി ഹാജരായ അഭിഭാഷകൻ അൽജോ ജോസഫ് കോടതിയിൽ വാദിച്ചു.
എന്നാൽ, കേരളത്തെ ഭാഷാസൗഹൃദ സ്ഥലമെന്നു പറയാനാകില്ലെന്നും ഇംഗ്ലീഷ് അവിടെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. ഭാഷാബുദ്ധിമുട്ട് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേരളത്തിലെ നടപടിക്രമങ്ങളിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യുവതിക്കായി കേസ് നോക്കുന്ന അമ്മയ്ക്കും ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നതായും വാദത്തിൽ ചൂണ്ടിക്കാട്ടി.
2017ൽ വിവാഹിതരായ ദമ്പതികൾ 2023ൽ യുവതി യുകെയിലേക്കു താമസം മാറിയശേഷമാണ് അകന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും വിവാഹമോചനവും ആവശ്യപ്പെട്ട് ഭർത്താവാണ് ഹർജി നൽകിയത്. കുട്ടി കഴിഞ്ഞ 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ ഇതുവരെ യുവതിക്ക് ഫലപ്രദമായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു നിരീക്ഷിച്ച കോടതി, കേസ് ലുധിയാനയിലേക്ക് മാറ്റാൻ ഉത്തരവിട്ടു.











Leave a Reply