ദില്ലി: ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഹോളണ്ട്, മലേഷ്യ, ചൈന എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുണ്ട് ഭരത് കുമാര്‍. നീന്താന്‍ വേണ്ടി. ഭിന്നശേഷിക്കാരുടെ നീന്തല്‍ മത്സരങ്ങളില്‍ ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും മെഡലുകളും വാരിക്കൂട്ടി. ഒന്നും രണ്ടുമല്ല, അമ്പത് മെഡലുകളാണ് ഭരത് കുമാര്‍ നീന്തിയെടുത്തത്. എന്നാല്‍ പറഞ്ഞിട്ടെന്ത് കാര്യം, ഇന്ന് ജീവിക്കാന്‍ വേണ്ടി കാര്‍ കഴുകിയേ പറ്റൂ എന്ന നിലയിലാണ് ഈ 28കാരന്‍.
ഭരത് കുമാറിന് ജന്മനാ ഒരു കൈ മാത്രമേ ഉള്ളൂ, വലത്തേ കൈ. എന്നാല്‍ ഈ വൈകല്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കാനൊന്നും ഭരത് കുമാര്‍ തയ്യാറായില്ല. രണ്ട് കൈകളും ഉള്ളവരെ അമ്പരപ്പിക്കുന്ന വേഗത്തില്‍ ഭരത് കുമാര്‍ നീന്തി. അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും ഭരത് കുമാറിന്റെ ജീവിതം ദുസ്സഹമാക്കി. ജീവിക്കാന്‍ വേറെ വഴിയൊന്നുമില്ലാതെ ഈ മെഡലുകളെല്ലാം വില്‍ക്കേണ്ടി വരും എന്ന സ്ഥിതിയിലാണ് ഭരത് കുമാര്‍ ഇപ്പോള്‍. ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെയും ഗുസ്തി താരം സുശീല്‍ കുമാറിന്റെയും നാടായ ഹരിയാനയാണ് ഭരത് കുമാറിന്റെയും സ്വദേശം. എന്നാല്‍ ദില്ലിയിലെ നജഫ്ഗഡിലാണ് താമസം. പാവപ്പെട്ട കുടുംബത്തിലാണ് ജനനം. അച്ഛനും അമ്മയും കൂലിപ്പണിക്കാര്‍. മൂന്ന് അനുജന്മാരും രണ്ട് സഹോദരിമാരുണ്ട്.

പോത്തുകളുടെ വാലില്‍ പിടിച്ച് തുഴഞ്ഞാണത്രെ ഭരത് കുമാര്‍ നീന്തല്‍ പരിശീലനം തുടങ്ങിയത്. 2002 ലാണ് നീന്തല്‍ കാര്യമായെടുത്തത്. 2004 ല്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. മാസം 20000 മുതല്‍ 25000 രൂപയെങ്കിലും ഉണ്ടെങ്കിലേ ചെലവുകള്‍ നടത്താനാകൂ എന്നാണ് ഭരത് കുമാര്‍ പറയുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ ആരുമില്ല, സഹായിക്കാനും ആളില്ല. ഇന്റര്‍നാഷണല്‍ പാരാ സ്വമ്മര്‍, കാര്‍ കഴുകുന്ന ജോലി ചെയ്യുന്നു. പണമില്ലാത്തതിനാല്‍ സ്‌പോര്‍ട്സ് നഷ്ടപ്പെടുന്നു എന്നാണ് ഭരത് കുമാര്‍ ട്വിറ്റര്‍ പേജില്‍ സ്വയം പരിചയപ്പെടുത്തുന്നത്.