അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് വിമത സംഘമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അസദ് രാജ്യംവിട്ടത്.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അഭയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയുടെ നിയന്ത്രണം പൂര്‍ണതോതില്‍ വിമതരുടെ കൈയിലാവുന്നതിന് മുന്‍പ് അസദ് ഐ.എല്‍.-76 എയര്‍ക്രാഫ്റ്റില്‍ രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടക്കത്തില്‍ അസദിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു യുടേണ്‍ എടുത്ത് എതിര്‍ദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിന്റെ പെട്ടെന്നുള്ള തിരിച്ചിലും റഡാറില്‍നിന്നുള്ള അപ്രത്യക്ഷമാവലും വെടിവെച്ചിട്ടതാവാമെന്ന വിലയിരുത്തലിലേക്കും നയിച്ചിരുന്നു.

നവംബര്‍ 27-നാണ് സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ ആക്രമണം തുടങ്ങിയത്. 11 ദിവസം പിന്നിടുമ്പോഴാണ് അസദ് രാജ്യംവിടുന്നത്. അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമതര്‍ അറിയിച്ചത്. അസദ് കുടുംബം നേതൃത്വം നല്‍കുന്ന ബാത്ത് പാര്‍ട്ടിയാണ് അര നൂറ്റാണ്ടിലധികമായി സിറിയ ഭരിക്കുന്നത്.