സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സമുദ്രാതിര്‍ത്തികള്‍ അടച്ച് ശ്രീലങ്ക. അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്നാണ് സമുദ്രാതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിര്‍ത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രതീര്‍ത്തിയാണ് തലൈമണ്ണാരം.

ഇന്ത്യയിലേക്ക് കൂടുതല്‍ പേര്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശ്രീലങ്ക സമുദ്രാതിര്‍ത്തികള്‍ അടച്ചത്. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്നത്.

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.