ബ്രാഹ്‌മിണിസത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ഗുജറാത്തിലെ കച്ചില്‍ ദലിത് അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ മുംബയ് മലാഡ് വെസ്റ്റിലെ ഒരു സ്റ്റേഷനറി കടയുടമ അറസ്റ്റിലായി. ഓള്‍ ഇന്ത്യ ബാക്ക്‌വാഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്റേയും ലീഗല്‍ പ്രൊഫഷണല്‍സ് അസോസിയേഷന്റേയും നേതാവായ ദേവ്ജി മഹേശ്വരി ആണ് കൊല്ലപ്പെട്ടത്. പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക സമുദായങ്ങളില്‍പ്പെടുന്നവര്‍ ഹിന്ദുക്കളല്ലെന്ന് ബിഎഎംസിഇഎഫ് ദേശീയ പ്രസിഡന്റ് വാമന്‍ മേശ്രാം പറഞ്ഞത് ദേവ്ജി മഹേശ്വരി ഷെയര്‍ ചെയ്തിരുന്നു. ഇതായിരുന്നു ദേവ്ജിയുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ഭരത് റാവല്‍ എന്ന സ്‌റ്റേഷനറി കടയുടമയാണ് കൊല നടത്തിയത് എന്നാണ് മുംബയ് പൊലീസ് പറയുന്നത്. ഇരുവരും ഒരേ നാട്ടുകാരാണ്. കച്ചിലെ റാപ്പര്‍ സ്വദേശികളാണ്. ബ്രാഹ്‌മിണിസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദേവ്ജി മഹേശ്വരിയുടെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് റാവല്‍, ദേവ്ജിയുമായി സോഷ്യല്‍മീഡിയയില്‍ കലഹിച്ചിരുന്നു. ഇത്തരം പോസ്റ്റുകളിടരുതെന്ന് പറഞ്ഞ് ഭരത് റാവൽ, ദേവ്ജി മഹേശ്വരിയെ ഭീഷണിപ്പെടുത്തിയിരുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ ഒരു മാസമായി ഇവർ നിരന്തരം പോരിലായിരുന്നു.

രണ്ട് പേരും ഒരു ഗ്രാമക്കാരായതിനാല്‍ പ്രശ്‌നമുണ്ടാക്കാന്‍ നില്‍ക്കരുത് എന്ന് പറഞ്ഞാണ് ഭരത് റാവല്‍, ദേവ്ജി മഹേശ്വരിയെ ഭീഷണിപ്പെടുത്തിയത്. എന്ത് വേണമെങ്കിലും ചെയ്‌തോളാന്‍ അഭിഭാഷകന്‍, റാവലിനോട് പറഞ്ഞിരുന്നു. ദേവ്ജിയെ കൊല്ലണമെന്ന ഉദ്ദേശ്യവുമായി ബുധനാഴ്ച മുംബൈയില്‍ നിന്ന് റാപ്പറിലെത്തി കൃത്യം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദേവ്ജി മഹേശ്വരി ഓഫീസില്‍ വച്ചാണ് കൊല്ലപ്പെത്. ദേവ്ജി ഓഫീസിലേയ്ക്ക് കയറിപ്പോകുന്നതും ചുവന്ന ടീഷര്‍ട്ട് ധരിച്ചയാള്‍ പിന്തുടരുന്നതും സിസിടിവി ക്യാമറയില്‍ കാണാം. സെക്കന്റുകള്‍ക്ക് ശേഷം ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേയ്‌ക്കോടി പോകുന്നതാണ് കാണുന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് പുറമെ പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമവും റാവലിന് മേല്‍ ചുമത്തിയിട്ടുണ്ട്. ഭരത് റാവലിനെ കസ്റ്റഡിയിലെടുക്കാനായി ഗുജറാത്ത് പൊലീസ് സംഘം മുംബൈയിലെത്തിയിരുന്നു.

ഗുജറാത്ത് പൊലീസ് ഭരത് റാവലടക്കം 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ റാവലടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. റാപ്പറില്‍ ദലിത് വിഭാഗക്കാര്‍ വലിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അഭിഭാഷകന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന്‍ മുക്തി പാര്‍ട്ടി ദേശീയ പ്രസിഡന്‌റ് വി എല്‍ മതാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. കൊല നടന്ന് എട്ട് മണിക്കൂറായപ്പോളേക്കും അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ സംശയകരമായ കാര്യങ്ങളുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും കുറ്റവാളികളെ സംരക്ഷിക്കുന്നതായി സംശയിക്കുന്നു. ഇതിനിടെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ദേവ്ജി മഹേശ്വരിയുടെ ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം ഒരു വസ്തുതര്‍ക്കത്തിന്റെ പേരിലാണ് ദേവ്ജി മഹേശ്വരിയെ കൊലപ്പെടുത്തിയത് എന്നാണ് വീട്ടുകാരും ദലിത് ആക്ടിവിസ്റ്റുകളും പറയുന്നത്. ദേവ്ജിയാണ് ഈ കേസ് വാദിച്ചിരുന്നത്. വസ്തുതര്‍ക്ക കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7.30നാണ് ദേവ്ജി മഹേശ്വരി വീട് വിട്ടുപോയതെന്ന് ഭാര്യ മീനാക്ഷി മഹേശ്വരി പറയുന്നു. ഭുജ്ജിലേയ്ക്ക് ഒരു സ്വകാര്യ വാഹനത്തിലാണ് പോയത്. ലുഹാര്‍ കമ്മ്യൂണിറ്റി ഹാളുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഉച്ചയ്ക്ക് ശേഷം 3.30ഓടെ തിരിച്ചെത്തി. എന്നിട്ടാണ് ഓഫീസിലേയ്ക്ക് പോയത്. കമ്മ്യൂണിറ്റി ഹാളിന്റെ കേസ് ഒരു അഭിഭാഷകനും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും ദേവ്ജി ഇതിന് തയ്യാറായെന്നും മീനാക്ഷി പറയുന്നു. കേസ് ഫയലുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഭര്‍ത്താവിന് കൊല്ലുമെന്ന് കേസുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഭരത് റാവല്‍ ഇവരുടെ വാടകക്കൊലയാളിയാണെന്ന് സംശയിക്കുന്നതായും മീനാക്ഷി പറഞ്ഞു.