അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രത്ത്‌, വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർത്ഥാടനം ജൂലൈ 18-ന് ശനിയാഴ്ച്ച ഭക്ത്യാഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർത്ഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോ-മലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും. അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമ്മങ്ങളിലും തിരുന്നാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികർ സഹകാർമികരാകും.

ജൂലൈ 18-ന് രാവിലെ 9 മണിക്ക് ജപമാല സമർപ്പണത്തോടെയുംആരംഭിക്കുന്ന തീർത്ഥാടനശുശ്രുഷകളിൽ, തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും, സഭാ പണ്ഡിതനും, പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.

തീർത്ഥാടനത്തിന്റെ ഭാഗമാകുവാനും, മാതൃ മദ്ധ്യസ്ഥതയിൽ പ്രാർത്ഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന കെആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ, പ്രസുദേന്തിമാരാകുവാൻ സാധിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിങ്ങാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർത്ഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ-മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനം, യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർത്ഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോ-മലബാർ സഭയുടെ വളർച്ചയും, സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.

തീർത്ഥാടന ശുശ്രൂഷകളിലും തിരുക്കർമ്മങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും , അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർത്ഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർത്ഥാടകരോട് അഭ്യർഥിച്ചു.

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady of Walsingham
Houghton St Giles, Norfolk, NR22 6AL, England.