Climate change
കാലാവസ്ഥാ മാറ്റത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. മൂന്നു വയസു മുതല്‍ പ്രായമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കാലാവസ്ഥാ മാറ്റത്തിനെതിരെ നടക്കുന്ന ആദ്യ പഠിപ്പുമുടക്ക് സമരത്തില്‍ പങ്കെടുത്തത്. സ്‌കോട്ടിഷ് ഹൈലാന്‍ഡ് മുതല്‍ കോണ്‍വാള്‍ വരെയുള്ള മേഖലയില്‍ 60 പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യുകെ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അര്‍ത്ഥവത്തായ ഒരു മാറ്റം കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യുകെ സ്റ്റുഡന്റ് ക്ലൈമറ്റ് നെറ്റ് വര്‍ക്കിന്റെ പ്രതിനിധിയായ അന്ന ടെയ്‌ലര്‍ പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരുകളുടെ ദയനീയമായ കാലാവസ്ഥാ നയങ്ങള്‍ക്കെതിരെ യുവജനത രംഗത്തെത്തുന്നതെന്നും അന്ന വ്യക്തമാക്കി. അനുകൂല നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത് വളരുന്ന തലമുറയുടെ ഭാവി നിറങ്ങളില്ലാത്തതായി മാറുമെന്നും അന്ന കൂട്ടിച്ചേര്‍ത്തു. രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സ്‌ക്വയറിലാണ് സമരത്തിന് ആരംഭം കുറിച്ചത്. മാറ്റങ്ങള്‍ കൊണ്ടുവരാനായി നിയമലംഘനം നടത്താനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥി സമൂഹം ഈ പ്രതിഷേധത്തിലൂടെ വ്യക്തമാക്കി. കാലാവസ്ഥാ പ്രതിസന്ധിക്കും പരിസ്ഥിതി നാശത്തിനുമെതിരെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നീട് സാധിക്കില്ല എന്ന തിരിച്ചറിവിലാണ് യുവ തലമുറയെന്ന് ഈ ഫെയിസ്ബുക്ക് ഇവന്റ് പ്രഖ്യാപിക്കുന്നു. അതേസമയം കാലാവസ്ഥാ മാറ്റം പോലെയുള്ള പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് പ്രധാനമാണെങ്കിലും സ്‌കൂള്‍ സമയം നഷ്ടമാക്കുന്നത് പഠനത്തെ ബാധിക്കുമെന്നായിരുന്നു ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചത്. നമ്മെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ കുട്ടികള്‍ ഇടപെടുന്നത് മികച്ച ഒരു ഭാവി നമുക്ക് സമ്മാനിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ ക്ലാസുകള്‍ മുടങ്ങിയാല്‍ അത് അധ്യാപകരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയും പഠന സമയം കുറയ്ക്കുകയും ചെയ്യുമെന്ന് നമ്പര്‍ 10 വക്താവ് പറഞ്ഞു. കാലാവസ്ഥാ പ്രശ്‌നമുള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ശാസ്ത്രജ്ഞന്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരുമായി വളരാന്‍ സഹായകരമാകുന്ന സമയമാണ് ഈ വിധത്തില്‍ നഷ്ടമാകുന്നതെന്ന് ഓര്‍മിക്കണമെന്നും വക്താവ് പറഞ്ഞു.
ലണ്ടന്‍: സോളാര്‍ എനര്‍ജി ഉപയോഗിക്കുന്ന വീടുകളില്‍ അധികമായി വരുന്ന വൈദ്യുതി കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മില്യണ്‍ പൗണ്ടിലധികം വരുമാനം ലഭിക്കുന്ന കമ്പനികള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 ഏപ്രിലോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 'എക്‌സ്‌പോര്‍ട്ട് താരിഫ്' നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളോട് ലണ്ടന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നീക്കത്തോട് ഗ്രീന്‍ ക്യാംപെയ്‌നേഴ്‌സ് പ്രതിഷേധമറിയിച്ചിട്ടുണ്ട്. അതേസമയം 2019 ഏപ്രിലോടെ പുതിയ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. പുതിയ തീരുമാനം ഗ്രീന്‍ എനര്‍ജി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ക്ലൈമറ്റ് ചെയ്ഞ്ച് ചാരിറ്റി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗ്രീന്‍ എനര്‍ജി രാജ്യത്തിന് ഗുണപ്രദമായി നിലനില്‍ക്കുന്ന ഒന്നാണ്. വിജയകരമായി മുന്നോട്ട് പോകുന്ന ഒരു പദ്ധതിയെന്ന നിലയിലാണ് സോളാര്‍ സംരഭങ്ങളെ നാം കാണുന്നത്. ഏതാണ്ട് 1 മില്യണ്‍ വീടുകളിലും 1,000 സ്‌കൂളുകളിലും പദ്ധതി പ്രാവര്‍ത്തികമാക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ക്യാംപെയ്‌നര്‍ ഗ്രൂപ്പ് അംഗം നീല്‍ ജോണ്‍സ് പറഞ്ഞു. ഗവര്‍മെന്റിന്റെ പുതിയ നീക്കം പ്രതികൂല ഫലമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഗ്രീന്‍ പിയര്‍ ജെന്നി ജോണ്‍സും വ്യക്തമാക്കുന്നു. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പുതിയ മാറ്റം 800,000ത്തിലധികം വീടുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. 2010ന് ശേഷം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവരെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. അതേസമയം വീടുകളില്‍ മിച്ചം വരുന്ന വൈദ്യുതി സൗജന്യമായി നല്‍കാനുള്ള പദ്ധതിയെ ന്യായീകരിച്ച് ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജി രംഗത്ത് വന്നു. പദ്ധതി എല്ലാ ഉപഭോക്താക്കള്‍ക്കും മിതമായ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് സഹാകമാവും എന്നാണ് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജിയുടെ വാദം.
RECENT POSTS
Copyright © . All rights reserved