തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത്‌ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. പാർട്ടി സ്ഥാനാർഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കി കൊണ്ടാണ് കമൽഹാസൻ ഈ പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ ആറിനാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്.

”ഞാനൊരു ഐഎഎസുകാരനാവണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ ഞാൻ രാഷ്ട്രീയത്തിലെത്തി. എനിക്ക് അദ്ദേഹത്തിന്റെ സ്വപ്നം (ഐഎഎസ് ഓഫീസറാവുക) മനസിലാക്കാൻ കഴിഞ്ഞില്ല. എന്റെ പാർട്ടിയിൽ നിരവധി (മുൻ) ഐഎഎസ് ഓഫീസർമാരുണ്ട്. ഞങ്ങൾക്ക് അത് അഭിമാനമാണ്,” കമൽഹാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും എഐഎഡിഎംകെയാണ് കോയമ്പത്തൂര്‍ സൗത്ത്‌ മണ്ഡലത്തില്‍ വിജയിച്ചത്. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഇവിടെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു.

വരുന്ന തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷിയുമായും (എഐഎസ്എംകെ), എസ്ആർഎം ഗ്രൂപ്പ് സ്ഥാപകൻ ടി.ആർ.പച്ചമുത്തുവിന്റെ ഇന്ത്യ ജനായക കക്ഷിയുമായും (ഐജെകെ) മക്കൾ നീതി മയ്യം സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ 154 സീറ്റുകളിലാണ് മകൽഹാസന്റെ പാർട്ടി മത്സരിക്കുക. ബാക്കി വരുന്ന 80 മണ്ഡലങ്ങളിൽ 40 സീറ്റുകളിൽ വീതം എഐഎസ്എംകെയും ഐജെകെയും മത്സരിക്കും.