ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ ഇന്ന് പണിമുടക്കും . 2016 -ന് ശേഷം അധ്യാപകർ നടത്തുന്ന ആദ്യത്തെ ദേശീയ പണിമുടക്കാണിത്. അധ്യാപകർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ ഇന്ന് പണിമുടക്കിയേക്കാമെന്നാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ അറിയിച്ചിരിക്കുന്നത്. അധ്യാപകരോടൊപ്പം സർവകലാശാല ജീവനക്കാരും സിവിൽ സർവീസുകാരും ട്രെയിൻ, ബസ് ജീവനക്കാരും ഇന്ന് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

അധ്യാപകരുടെ സമരം മൂലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത അനിശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. എത്ര ജീവനക്കാർ പണിമുടക്കും എന്നതിനെ ആശ്രയിച്ച് ഏതൊക്കെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടും എന്നതിനെ കുറിച്ചുള്ള വ്യക്തത വരുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. യൂണിയൻ നേതാക്കൾ അവകാശപ്പെടുന്നതനുസരിച്ച് 50000 അധികം അധ്യാപകർ പണിമുടക്കിനൊപ്പം അണിചേരും. ഇത്രയും പേർ പങ്കെടുക്കുന്നതുകൊണ്ട് തന്നെ ഒരു ദശാബ്ദത്തിലേറെയായി നടക്കുന്ന ഏറ്റവും വലിയ പണിമുടക്കായിരിക്കും ഇന്നത്തേതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭൂരിഭാഗം സ്റ്റേറ്റ് സ്കൂൾ അധ്യാപകർക്കും 2022 – ൽ 5% ശമ്പള വർദ്ധനവാണ് ലഭിച്ചിട്ടുള്ളത് . എന്നാൽ പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള വേതന വർദ്ധനവാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. പണിമുടക്കുന്ന അധ്യാപകർ മുൻകൂട്ടി വിവരം പ്രധാന അധ്യാപകരെ അറിയിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം യൂണിയനുകൾ തള്ളിക്കളയുകയാണ് ഉണ്ടായത്.