ഗാബയിൽ മുട്ടുകുത്തി ഓസ്‌ട്രേലിയ, തോൽവി 32 വർഷത്തിന് ശേഷം; ടിം പെയ്‌നിനെ കൂക്കിവിളിച്ചു കാണികൾ

ഗാബയിൽ മുട്ടുകുത്തി ഓസ്‌ട്രേലിയ, തോൽവി 32 വർഷത്തിന് ശേഷം; ടിം പെയ്‌നിനെ കൂക്കിവിളിച്ചു കാണികൾ
January 19 11:08 2021 Print This Article

ഓസ്‌ട്രേലിയയുടെ എല്ലാ തന്ത്രങ്ങളും എട്ടായി മടക്കി കൊടുത്ത് പകരക്കാരുടെ നിരയുമായി വിജയം കൊയ്ത ഇന്ത്യയ്ക്ക് നാനഭാഗത്തു നിന്നും പ്രശംസാപ്രവാഹമാണ്. നാലാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഓസ്‌ട്രേലിയയുടെ മനസിൽ അവശേഷിപ്പിച്ചത് മാറാത്ത മുറിവ് മാത്രമാണ്. ഗാബ ഗ്രൗണ്ടിൽ 32 വർഷത്തെ വിജയത്തടുർച്ചയുടെ ചരിത്രം മാത്രമുള്ള ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചത് ഇന്ത്യൻ യുവനിരയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ്.

അഞ്ചാം ദിവസത്തെ ആവേശ പോരാട്ടത്തിനൊടുവിലായിരുന്നു ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ വെറും 18 പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റിനായിരുന്നു ജയം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 21ന് സ്വന്തമാക്കിയ ഇന്ത്യ തുടർച്ചയായ രണ്ടാം വട്ടവും ബോർഡർ ഗാവസ്‌ക്കർ ട്രോഫി സ്വന്തമാക്കി.

പരമ്പരയിലെ അവസാന ടെസ്റ്റ് നടന്ന ഗാബ ഗ്രൗണ്ടിന്റെ ചരിത്രമെടുത്താൽ ഓസ്‌ട്രേലിയ 1988ന് ശേഷം ഇവിടെ തോൽവിയെന്തെന്ന് അറിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ യുവനിര ആ റെക്കോഡ് തകർത്ത് കൈയ്യിൽ കൊടുക്കുകയായിരുന്നു. 1988ൽ വെസ്റ്റ് ഇൻഡീസിനോടാണ് ഓസ്‌ട്രേലിയ അവസാനമായി ഗാബയിൽ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളിൽ 24 എണ്ണത്തിലും ഓസീസ് വിജയം നേടി. ഏഴുമത്സരങ്ങൾ സമനിലയിലുമായി.

ഇന്ത്യയുടെ യുവപ്രതീക്ഷയായ ഋഷഭ് പന്തും ശുഭ്മാൻ ഗില്ലും ചേർന്നാണ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഇന്ത്യ ഇതിനുമുൻപ് ഗാബയിൽ ആറുമത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതിൽ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിലുമായി. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ അവരെ കീഴടക്കി പരമ്പര സ്വന്തമാക്കിയ 2018-19 സീസണിൽ, ഗാബ മത്സരത്തിന് വേദിയായിരുന്നില്ല.

അതേസമയം, ഇന്ത്യയുടെ വിജയത്തിൽ ആരാധകർ അതീവ ആഹ്ലാദത്തിലാണെങ്കിലും ഓസ്‌ട്രേലിയയ്ക്ക് വലിയ നാണക്കേടാണ് ഈ തോൽവി സമ്മാനിച്ചിരിക്കുന്നത്. ബോർഡർ -ഗാവസ്‌ക്കർ ട്രോഫി കൈവിട്ടതിനു പിന്നാലെ പോസ്റ്റ് മാച്ച് പ്രസന്റേഷനായി ഗ്രൗണ്ടിലെത്തിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌നിനെ കാണികൾ കൂവി വിളിച്ചാണ് വരവേറ്റത്. അതേസമയം, ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയ്ക്ക് നിറകൈയ്യടിയായിരുന്നു സമ്മാനം.

മുൻനിരതാരങ്ങൾക്കെല്ലാം വിശ്രമവും പരിക്കും ഒക്കെയായി വലഞ്ഞ ഇന്ത്യ പകരക്കാരെ ഇറക്കിയാണ് പരമ്പര നേടിയത്. പരമ്പര തോറ്റതോടെ പെയ്‌നിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കാനാണ് സാധ്യത.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles