പോളണ്ടിൽ നിന്ന് എയർ മെയിലിൽ ചെന്നൈ വിമാനത്താവളത്തിലെത്തിയ ലക്ഷങ്ങൾ വിലയുള്ള ടൈഗർ വിഭാഗത്തിൽപെട്ട ചിലന്തികളെ പിടികൂടി. ചെറു പ്ലാസ്റ്റിക് ക്യാംപ്സ്യൂളുകളിലാക്കി കൊണ്ടുവന്ന 107 ചിലന്തികളെയാണ് പിടിച്ചെടുത്തത്. രാജ്യത്ത് അപൂർവമായാണ് ചിലന്തി കടത്ത് പിടികൂടുന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു കഴിഞ്ഞ ദിവസം കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു രാജ്യാന്തര പാഴ്സലുകൾ പ്രത്യേകം പരിശോധിച്ചത്.

പോളണ്ടിൽ നിന്നെത്തിയ ചെറിയ തെർമോകോൾ പെട്ടി തുറന്നപ്പോൾ ആദ്യം കണ്ടത് അലൂമിനിയം കോയിലിൽ പൊതിഞ്ഞ ചെറിയ കാപ്സ്യൂളുകൾ. കാംപ്സ്യൂളുകൾക്കകത്ത് കുഞ്ഞൻ ചിലന്തികൾ. രാജ്യാന്തര വിപണിയിൽ അഞ്ചുലക്ഷം രൂപ വരെ വിലയുള്ള ടൈഗർ ചിലന്തികളാണ് പിടികൂടിയത്.

ഉഗ്രവിഷമുള്ള ഇവയെ വിദേശരാജ്യങ്ങളിൽ അരുമകളായി വളർത്താനാണ് ഉപയോഗിക്കുന്നത്. കൂടാതെ സ്റ്റഫ് ചെയ്തു അലങ്കാര വസ്തുവായുള്ള വിൽപനയും വ്യാപകമാണ്. മധ്യഅമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന ചിലന്തികളെ ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ചവരെ കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മധുര അറപ്പുകോട്ടയിലെ മേൽവിലാസത്തിലാണു ചിലന്തികളെ അയച്ചിരിക്കുന്നത്. അതേസമയം, നിലവിലെ നിയമം അനുസരിച്ച് ഇവയെ അയച്ചിരിക്കുന്ന പോളണ്ടിലെ മേൽവിലാസത്തിലേക്ക് തിരികെ അയയ്ക്കും.