പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ആയ ടെഡ് ബേക്കറിലെ ജീവനക്കാര്‍ വിചിത്രമായ ഒരു പരാതിയുമായി രംഗത്ത്. കമ്പനി ഉടമയായ റേയ് കെല്‍വിനെതിരെയാണ് ഓണ്‍ലൈന്‍ പെറ്റീഷന്‍. ഇദ്ദേഹത്തിന്റെ കെട്ടിപ്പിടിക്കല്‍ രോഗത്തിനെതിരെയാണ് ജീവനക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. വര്‍ക്ക്‌പ്ലേസ് സൈറ്റായ ഓര്‍ഗനൈസില്‍ നല്‍കിയിരിക്കുന്ന പെറ്റീഷനില്‍ ഞായറാഴ്ച വൈകുന്നേരം വരെ 1890 പേര്‍ ഒപ്പുവെച്ചു കഴിഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്താമെന്ന് ടെഡ് ബേക്കര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത്തരത്തിലുള്ള ആരോപണങ്ങളോ ഉപദ്രവങ്ങളോ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു സ്വതന്ത്ര സംവിധാനം വേണമെന്ന ആവശ്യവും പെറ്റീഷനില്‍ ജീവനക്കാര്‍ ഉയര്‍ത്തുന്നു. അന്വേഷണം നടത്താമെന്ന് അറിയിച്ചെങ്കിലും പരാതിയില്‍ ചീഫ് എക്‌സിക്യൂട്ടീവിനെ അനുകൂലിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഓരോ ജീവനക്കാരുടെയും വികാരങ്ങള്‍ മാനിക്കണമെന്ന നിലപാടാണ് കമ്പനിക്കുള്ളതെന്ന് പ്രസ്താവനയില്‍ ടെഡ് ബേക്കേഴ്‌സ് അറിയിച്ചു.

അതേസമയം, റേയ് കെല്‍വിന്‍ മറ്റുള്ളവരെ ആലിംഗനം ചെയ്താണ് അഭിവാദനം ചെയ്യാറുള്ളതെന്നും പ്രസ്താവന ന്യായീകരിക്കുന്നു. അത് ഓഹരിയുടമയായാലും നിക്ഷേപകനോ സപ്ലയറോ പാര്‍ട്‌നറോ ഉപഭോക്താവോ സഹപ്രവര്‍ത്തകരോ ആയാലും റേയ് ഇങ്ങനെ തന്നെയാണ് പെരുമാറുക. ആലിംഗനം അതുകൊണ്ടുതന്നെ ടെഡ് ബേക്കേറിന്റെ സംസ്‌കാരമാണ്. എന്നാല്‍ അത് നിര്‍ബന്ധിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. പെറ്റീഷന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഓര്‍ഗനൈസുമായി ബന്ധപ്പെട്ടു വരികയാണെന്നും കമ്പനി വ്യക്തമാക്കി.