ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ച് കടക്കവെ കുട്ടിയാനയെ ബൈക്കിടിച്ചു. അനക്കമില്ലാതെ കിടന്ന ആനക്കുട്ടിക്ക് സിപിആര്‍ നല്‍കി പുനര്‍ജന്മം നല്‍കി തായ്‌ലാന്റിലെ മാന ശ്രീവതെ എന്ന രക്ഷാ പ്രവര്‍ത്തകന്‍. ചന്ദാബുരിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കോടിച്ച ആളും ആനക്കുട്ടിയും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ആനക്കുട്ടിയ്ക്ക് അനക്കമില്ലാതായി. ഫോണ്‍ വിളിയെ തുടര്‍ന്നാണ് മാന സംഭവസ്ഥലത്തെത്തിയത്.

തുടര്‍ന്ന് മാന ആനക്കുട്ടിയ്ക്ക് സിപിആര്‍ നല്‍കാന്‍ തീരുമാനിച്ചു. ആനയുടെ ഹൃദയത്തിന്റെ സ്ഥാനം വീഡിയോകളില്‍ കണ്ട് മാത്രം പരിചയമുണ്ടായിരുന്ന മാന ഒരൂഹത്തില്‍ ആനക്കുട്ടിയെ പരിചരിക്കുകയായിരുന്നു. അമ്മയാനയും കൂട്ടത്തിലെ മറ്റാനകളും കുറച്ചകലെ നിന്ന് കുട്ടിയെ വിളിക്കുന്നത് കേള്‍ക്കാമായിരുന്നുവെന്ന് മാന പിന്നീട് പറഞ്ഞു.

അവസാനം മാനയുടെ ശ്രമം ഫലിച്ചു. ആനക്കുട്ടി അനങ്ങാന്‍ തുടങ്ങി. പത്തു മിനിറ്റിനുള്ളില്‍ ആനക്കുട്ടി പതിയെ എണീറ്റു നിന്നു. പിന്നീട് കൂടുതല്‍ ചികിത്സക്കായി അതിനെ മറ്റൊരിടത്തേക്ക് മാറ്റി. ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ അമ്മയുടെ അരികില്‍ തിരികെയെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആനക്കുട്ടി അനങ്ങിയപ്പോള്‍ തനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതായി മാന പ്രതികരിച്ചു. നിരവധി റോഡപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തകനായ താന്‍ സിപിആര്‍ നല്‍കി ജീവന്‍ തിരികെ ലഭിച്ചത് ഈ ആനക്കുട്ടിയ്ക്ക് മാത്രമാണെന്ന് സന്തോഷത്തോടെയും അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ കുറിച്ച് ദുഃഖത്തോടെയും മാന സൂചിപ്പിച്ചു.