സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ ചോദ്യംചെയ്യൽ തുടരവേ അവരുടെ ഭർത്താവ് കിഷോറിനെ കണ്ടെത്താൻ പൊലീസ് കൊല്ലത്തേക്ക് പോകുന്നു. 2012ൽ ഇവരുടെ മറ്റൊരു മകൾ ഒന്നര വയസുകാരി കീർത്തന മരിച്ചതും സമാനസാഹചര്യത്തിലാണ്. കീർത്തനയെ താൻ കൊന്നിട്ടില്ലെന്നാണ് സൗമ്യ പറയുന്നത്.

എന്നാൽ, ആദ്യ കൊലപാതകം പുറത്തറിയാതിരുന്നത് വീണ്ടും കൊലപാതകം ചെയ്യാൻ ധൈര്യം നൽകിയെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മൊഴികളിലെ ഈ വൈരുദ്ധ്യം നീക്കേണ്ടതും ആവശ്യമാണ്. ആറുവർഷം മുമ്പ് മരിക്കുകയും സംസ്കരിക്കുകയും ചെയ്ത കുട്ടിയുടെ മരണത്തിൽ കൃത്യമായ വിവരം ശേഖരിക്കുകയെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ കടമ്പയാണ്. കീർത്തന തന്റെ കുട്ടി അല്ലെന്ന ആരാേപണം കിഷോർ ഉന്നയിച്ചിരുന്നു. കീർത്തനയ്ക്കും ശ്വാസതടസവും ഛർദ്ദിയും മരണത്തിന് മുമ്പ് അനുഭവപ്പെട്ടിരുന്നുവെന്നാണ് പറയുന്നത്. ഈ കുട്ടിയുടെ പിതൃത്വത്തിൽ ഭർത്താവ് കിഷോറിന് സംശയമുണ്ടായിരുന്നെന്നും ഇതിന്റെ പേരിൽ നിത്യവും വീട്ടിൽ വഴക്കുണ്ടായിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സൗമ്യയുടെ സത്യസന്ധത തുറന്ന് കാട്ടാൻ എലിവിഷം കഴിക്കാൻ നിർബന്ധിച്ചിരുന്നു. അത് കുടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ടെന്നും സൗമ്യ പൊലീസിനോട് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇത് പൊലീസിൽ കൂടുതൽ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കശുവണ്ടി ഫാക്ടറിയിലെ ചുമട്ടുതൊഴിലാളിയായാണ് കിഷോർ പിണറായിയിലെത്തുന്നത്. ഇവിടെ ജോലിക്കെത്തിയ സൗമ്യയുമായി ഇയാൾ പരിചയത്തിലാവുകയായിരുന്നു. സംശയും വഴക്കും പതിവായതോടെ സൗമ്യ കിഷോറിനെ ഒഴിവാക്കി പടന്നക്കരയിലേക്ക് വരികയായിരുന്നു.</span>

കിഷോറിനെ കസ്റ്റഡിയിലെടുത്താൽ സൗമ്യയുടെ വഴിവിട്ട ബന്ധം നേരത്തെയുള്ളതാണോ, അതല്ല ഇരുവരും പിരിഞ്ഞതിന് ശേഷം സംഭവിച്ചതാണോ എന്നും അറിയാൻ കഴിയും. അങ്ങനെയെങ്കിൽ നേരത്തെ യുവതിയുമായി ബന്ധമുണ്ടായിരുന്ന മുഴുവൻ ആളുകളേയും കണ്ടെത്തി ചോദ്യം ചെയ്യേണ്ടി വരും.കിഷോറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ജീവിക്കാൻ വഴിതേടിയലയുമ്പോൾ ഇരിട്ടി സ്വദേശിനിയായ ഒരു സ്ത്രീയാണ് തന്നെ അനാശാസ്യരംഗത്തേക്ക് പരിചയപ്പെടുത്തിയതെന്ന് സൗമ്യ മൊഴി നല്കിയിട്ടുണ്ട്.

സൗമ്യയുമായി ഇടപാട് നടത്തുന്ന ആളുകളെ വീട്ടിലെത്തിക്കുന്നത് രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സൗമ്യയുടെ വീട്ടിലെ കിണർ വെള്ളത്തിൽ അമോണിയയുടെ അംശം കണ്ടെത്തിയതിലും ദുരൂഹത നിലനിൽക്കുന്നു. കിണർ വെള്ളം സൗമ്യ പരിശോധിച്ച് അമോണിയ സാന്നിദ്ധ്യമുള്ളതായി റിപ്പോർട്ട് സമ്പാദിച്ചിരുന്നു. ഇവർക്ക് അമോണിയ വെള്ളത്തിൽ കലക്കാൻ എവിടെനിന്ന് കിട്ടി.

ഇക്കാര്യത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ ഇവർക്ക് കൊലപാതകത്തെ കുറിച്ച് സൂചന നേരത്തെയുണ്ടായിരുന്നിരിക്കണം എന്നാണ് പൊലീസ് പറയുന്നത്. ഒൻപതു വയസുള്ള മകൾ ഐശ്വര്യയെയും മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും എലിവിഷം നല്കിയാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. സൗമ്യയുടെ വീട്ടിൽ നിന്ന് എലിവിഷം കത്തിച്ചു കളഞ്ഞതിന്റെ അവശിഷ്ടങ്ങളും ഭക്ഷണം നല്കിയ പാത്രങ്ങളും പൊലീസ് കണ്ടെടുത്തു.