ഷിബു മാത്യൂ

ലീഡ്സ് : രുചിയുടെ കാര്യത്തിൽ യൂറോപ്പിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റ് NHS ചാരിറ്റിയ്ക്ക് വേണ്ടി നടത്തിയ മാരത്തോൺ നടത്തത്തിൽ 1235 പൗണ്ട് സ്വരൂപിച്ചു. ഏപ്രിൽ 24ന് ലീഡ്സിലെ റൗണ്ട്ഹേ പാർക്കിൽ തറവാട് റെസ്റ്റോറൻ്റിൻ്റെ മാനേജ്മെൻ്റും ജീവനക്കാരും കുടുംബസമേതം പങ്കെടുത്ത മാരത്തോൺ നടത്തത്തിൽ 1627 മൈലുകളാണ് നടന്നു കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നാൽപ്പതോളം പേരാണ് മാരത്തോൺ നടത്തിൽ പങ്കെടുത്തത്.

ഒരു ബിസിനസ്സിനെക്കാളുപരി മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്ന പ്രവർത്തനങ്ങളാണ് തറവാട് റെസ്റ്റോറൻ്റ് കാഴ്ച്ചവെയ്ക്കുന്നത്. പ്രാദേശികരായ പാശ്ചാത്യ സമൂഹവുമായി അടുത്ത ബന്ധമാണ് തറവാട് റെസ്റ്റോറൻ്റിനുള്ളത്. കേരള സംസ്കാരത്തിൻ്റെ പരമ്പരാഗതമായ വിഭവങ്ങളാണ് തറവാട്ടിലെ ഭക്ഷണത്തിലധികവും. തറവാടിൻ്റെ തനതായ റെസിപ്പികൾ വേറെയും. പ്രാദേശീകരും അല്ലാത്തവരുമായ പാശ്ചാത്യ സമൂഹമാണ് തറവാട് റെസ്റ്റോറൻ്റിൻ്റെ അതിഥികളിൽ അധികവും എന്നത് ശ്രദ്ധേയമാണ്.

ലീഡ്സിലെ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയുടെ എല്ലാ വർഷവും നടക്കുന്ന യോർക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ ഒലിവർ അവാർഡ്സിൽ ബെസ്റ്റ് ഹോസ്പിറ്റാലിറ്റി റെസ്റ്റോറൻ്റ് 2022 നുള്ള അവാർഡ് തറവാട് റെസ്റ്റോറൻ്റിനാണ് ലഭിച്ചത്.