വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അര്‍ജുന്‍ സഞ്ജു നേരിട്ട അപമാനത്തിനെതിരെ രംഗത്തെത്തിയത്.

ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ പേരെടുത്ത് പറഞ്ഞാണ് അര്‍ജുനിന്റെ വിമര്‍ശനം. റിഷഭ് പന്തിനെ വീണ്ടും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചതിനേയും അര്‍ജുന്‍ ചോദ്യം ചെയ്യുന്നു.

‘ഒരാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെയാണ് ആക്രമിക്കുന്നത്. സഞ്ജു സാംസണിനോട് ചെയ്തത് പോലെ. എംഎസ്‌കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കറിയില്ല. മറ്റൊരാളില്‍ വിശ്വസിക്കുക എന്നത് ആരുടെയെങ്കിലും കഴിവുകള്‍ അവഗണിക്കുന്നതിനുള്ള അവകാശമല്ല. സാംസണ്‍ ടീമില്‍ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്.

അതെസമയം ഈ അകൗണ്ട് അര്‍ജുനിന്റെ ഔദ്യോഗിക അകൗണ്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതായാലും നിരവധി ആരാധകരാണ് ഈ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് പരമ്പരയില്‍ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്ത സഞ്ജുവിനെ വിന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു പുറത്തായി.

ഇതോടെ സഞ്ജുവിന്റെ ആരാധകര്‍ പ്രതിഷേധത്തിലാണ്. സഞ്ജുവിനോട് നിരവധി ആരാധകര്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലോ ഇംഗ്ലണ്ടിലേക്കോ താമസം മാറി അവരുടെ ദേശീയ ടീമിനായി കളിക്കണമെന്നും സഞ്ജുവിന്റെ പ്രതിഭ എത്രത്തോളമെന്ന് മേലാളന്മാരെ കാണിച്ച് കൊടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മലയാളികള്‍ കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 മത്സരം ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്യുന്നു. സഞ്ജുവിനെ പല സമയങ്ങളിലായി അവഗണിച്ച ധോണിയ്ക്കും കോഹ്ലിയ്ക്കും രോഹിത്തിനുമെതിരെയെല്ലാം ആരാധക രോഷം ഉയരുന്നുണ്ട്.

സഞ്ജുവിനെ ഒഴിവാക്കുകയും മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തുകയും ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലെത്തിയ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല