ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മൂന്നു ദിവസമായി നടന്ന വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ധ്യാനം.

ഒരു കാലത്ത് വിശ്വാസികളുടെ ഈറ്റില്ലമായിരുന്ന ഇംഗ്ലണ്ടില്‍ വിശ്വാസമില്ലാത്ത തലമുറയേയും അടച്ചുപൂട്ടപ്പെടുന്ന പള്ളികളുടേയും കാഴ്ചകളാണിപ്പോള്‍. ഈ കാലത്ത് ജീവിക്കുന്ന മലയാളികളായ സീറോ മലബാര്‍ വിശ്വാസികള്‍ അവരുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തി വലുതാക്കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടത്തെ കുറിച്ചും ബോധ്യങ്ങളെ കുറിച്ച് മനസിലാക്കി മക്കളെ വിശ്വാസത്തിന്റെ വഴിയില്‍ വളര്‍ത്തണം എന്നോര്‍മ്മിപ്പിക്കുകയായിരുന്നു ഏവരേയും ഈ ധ്യാനം.

കോവിഡിന് ശേഷം നീണ്ട നാളത്തെ ഇളവേള കഴിഞ്ഞാണ് ഏവരും പള്ളിയില്‍ വലിയൊരു ധ്യാനത്തിന്റെ ഭാഗമാകുന്നത്. വിശ്വാസ സമൂഹം നിറഞ്ഞെത്തിയ ധ്യാന ദിവസങ്ങളായിരുന്നു ഓരോന്നും.

കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ ആഴത്തില്‍ വളര്‍ത്താന്‍ ഓരോ ക്രൈസ്തവനും ചുമതലയുണ്ടെന്നും അതിന് പറ്റുന്ന എല്ലാ സാഹചര്യവും പരമാവധി വിനിയോഗിക്കണമെന്നും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ ഷൈജു നടുവത്താനി ധ്യാനത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

വിശ്വാസമില്ലാതെ വളരുന്ന മക്കള്‍ നഷ്ടപ്പെട്ടുപോകുമ്പോഴുണ്ടാകുന്ന മാതാപിതാക്കളുടെ വേദന വളരെ വലുതാണ്. കഷ്ടപ്പെട്ട് വളര്‍ത്തുന്ന മക്കള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളായി നമ്മള്‍ മാറരുത്. അതിന് വിശ്വാസത്തിന്റെ വഴിയിലൂടെ അവരെ കൈ പിടിച്ച് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസമായി ഗ്ലോസ്റ്ററില്‍ നടക്കുന്ന ധ്യാനത്തില്‍ അവസാന ദിവസമായിരുന്നു ഇന്നലെ. വാര്‍ഷിക ധ്യാനത്തിന്റെ അവസാനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അരമണിക്കൂര്‍ നീണ്ട പ്രഭാഷണം നടത്തി വേദിയെ ധന്യമാക്കി. മികച്ച ബൈബിള്‍ പണ്ഡിതനായ അദ്ദേഹം ബൈബിള്‍ വചനങ്ങളെ ഉദ്ധരിച്ച് വിശ്വാസത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു.

നീതിമാന്മാരായി ജീവിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് എടുത്ത് പറഞ്ഞ പിതാവ് അന്ത്യവിധി നാളില്‍ കര്‍ത്താവിന്റെ വലതു ഭാഗത്ത് ഇരിക്കാന്‍ ഇടവരണമെന്നും എല്ലാ സാഹചര്യങ്ങളിലും നല്ലൊരു വിശ്വാസിയായി തുടരാന്‍ ഓരോ ക്രൈസ്തവന് കഴിയട്ടെയെന്നും ആശംസിച്ചു. അതിനായി പ്രവര്‍ത്തിക്കാന്‍ എല്ലാ ക്രൈസ്തവരോടും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസമായി വിവിധ രൂപതകളില്‍ നടന്ന വാര്‍ഷിക ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന പിതാവ് വലിയൊരു ഉണര്‍വാണ് സമൂഹത്തിന് നല്‍കിയത്. ഗ്ലോസ്റ്ററില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും പിതാവ് ആശംസിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഫാ ജിബിന്‍ വാമറ്റത്തിന് കഴിയട്ടെയെന്നും പിതാവ് ആശംസിച്ചു. മൂന്നു ദിവസ ധ്യാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നടന്നു.ജീസസ് യൂത്ത് യൂത്ത് വിങ്ങിന്റെ നാഷണൽകോഡിനേറ്റർ ജിസ്മിയുടെ നേതൃത്വത്തിലായിരുന്നുകുട്ടികൾക്കായി ക്ലാസുകൾനടന്നത്. ചെറിയ കുട്ടികള്‍ക്കായി ജീവ ജോണ്‍സണിന്റെ നേതൃത്വത്തില്‍ കളികളും പാട്ടുകളും നടത്തിയിരുന്നു.

കോവിഡിന് ശേഷം നടന്ന ആദ്യ ധ്യാനത്തില്‍ ഇത്രവലിയ പങ്കാളിത്തം എടുത്തു പറയേണ്ടത് തന്നെയാണ്.

ബ്രദർ കുരുവിള,ബിജോയ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വംനൽകി.

സമാപനത്തില്‍ ഗ്ലോസ്റ്റര്‍ വികാരി ഫാ ജിബിന്‍ മൂന്നു ദിവസത്തെ ധ്യാനത്തിനെത്തിയവര്‍ക്ക് നന്ദി പറഞ്ഞു.

കൈക്കാരന്മാര്‍, കമ്മറ്റിക്കാര്‍, വേദ പാഠ അധ്യാപകര്‍ എന്നിങ്ങനെ ഓരോരുത്തരോടും ഈ മൂന്നു ദിവസത്തെ സഹകരണത്തിന് പ്രത്യേക നന്ദി പറഞ്ഞു.