ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വിദേശ യാത്രാ നിയന്ത്രണത്തിനായുള്ള ട്രാഫിക് ലൈറ്റ് സിസ്റ്റം റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഡൗണിംഗ് സ്ട്രീറ്റ് ഈയാഴ്ച അവസാനം പുതിയ മാറ്റങ്ങൾ പ്രഖ്യാപിക്കും. റെഡ് ലിസ്റ്റിൽ നിന്ന് ആമ്പറിലേക്കോ ഗ്രീൻ ലിസ്റ്റിലേക്കോ തുർക്കി ഉയർത്തപ്പെടാനുള്ള സാധ്യതയുണ്ട്. വരാനിരിക്കുന്ന അവലോകനത്തിൽ തുർക്കി റെഡ് ലിസ്റ്റിൽ നിന്നും മാറ്റപ്പെട്ടാൽ ഒട്ടേറെ യാത്രികർക്ക് അതാശ്വാസമാവും. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന യാത്രക്കാർ 10 ദിവസത്തേക്ക് ഹോട്ടലിൽ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കണം. ഇതുമൂലം ഓരോ യാത്രക്കാരനും ഏകദേശം 2,000 പൗണ്ട് ചിലവ് വരും. മാലിദ്വീപും പാകിസ്ഥാനുമാണ് ആമ്പറിലേക്ക് കയറാൻ സാധ്യതയുള്ള മറ്റു രാജ്യങ്ങൾ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഈ മാസം ആദ്യം പാകിസ്ഥാൻ സന്ദർശിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മുന്നിൽകണ്ട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ജർമ്മനി, ഓസ്‌ട്രേലിയ, ഐസ്‌ലാൻഡ്, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ ഗ്രീൻ ലിസ്റ്റിൽ ഉണ്ട്. എന്നാൽ സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, സൈപ്രസ്, പോർച്ചുഗൽ തുടങ്ങിയ പ്രധാന യൂറോപ്യൻ രാജ്യങ്ങളെല്ലാം നിലവിൽ ആമ്പർ ലിസ്റ്റിലാണ്. ട്രാഫിക് ലൈറ്റ് സിസ്റ്റം ഏകദേശം മൂന്നാഴ്ച കൂടുമ്പോൾ സർക്കാർ അവലോകനം ചെയ്യുന്നുണ്ട്. ഓസ്ട്രേലിയ, കാനഡ, ബൾഗേറിയ, ക്രൊയേഷ്യ, ഡെൻമാർക്ക്, ഡൊമിനിക്ക, ഫോക്ലാൻഡ് ദ്വീപുകൾ, ഫിൻലാൻഡ്, ലാത്വിയ, ജറുസലേം, ഇസ്രായേൽ, ജിബ്രാൾട്ടർ, ഗ്രനേഡ, ന്യൂസ്ലൻഡ്, നോർവേ, സിംഗപ്പൂർ, സ്ലോവാക്യ തുടങ്ങിയവയാണ് നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു പ്രധാന രാജ്യങ്ങൾ.