ആർട്ടിക്ക് മേഖലയ്ക്ക് മുകളിലെ ഓസോൺ പാളിയിലുണ്ടായിരുന്ന ഏറ്റവും വലിയ ദ്വാരം അടഞ്ഞെന്ന് റിപ്പോർട്ട്. പത്തുലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഓസോണിലെ വിള്ളൽ ഇല്ലാതായെന്ന് യൂറോപ്യൻ ഉപഗ്രഹ സംവിധാനമായ കോപ്പർനിക്കസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് അവസാനത്തോടെയായിരുന്നു ഉത്തരധ്രുവത്തിനു മുകളിൽ ഓസോണിൽ ദ്വാരം കണ്ടെത്തിയത്.

തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാർ വോർട്ടെക്സ്(Polar Vortex) എന്ന പ്രതിഭാസം ദുർബലപ്പെട്ടതാണ് വിള്ളൽ അടയാൻ കാരണമായി പറയുന്നത്. പോളാർ വോർട്ടെക്സ് പ്രതിഭാസമാണ് ഓസോണിലെ വിള്ളലിനും മറ്റും കാരണമാകുന്നത്. ഉത്തരധ്രുവത്തിൽ ആദ്യമായി ഓസോൺ ദ്വാരം കണ്ടെത്തിയത് 2011 ജനുവരിയിലായിരുന്നു. ഇത് ചെറിയ വിള്ളലായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ മൂലം അന്തരീക്ഷ മലനീകരണത്തിലുണ്ടായ കുറവ് ഓസോൺ പാളിയിലെ ദ്വാരമടയുന്നതിനു കാരണമായിട്ടില്ലെന്നാണ് പറയുന്നത്.

ചർമ കാൻസറിന് കാരണമാകുന്ന അൾട്രാവയലറ്റ് വികരണങ്ങളിൽ നിന്നും ഓസോൺ പാളിയാണ് ഭൂമിയെ സംരക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലുണ്ടാകുന്ന വിള്ളലുകൾ വലിയ ഭീഷണിയാണ്. ഇപ്പോഴത്തെ റിപ്പോർട്ടുകൾ വലിയ ആശ്വസമാണ് ഉണ്ടാക്കിയിരിക്കുന്നത്.അന്തരീക്ഷ താപനില മൈനസ് 42 ഡിഗ്രിക്ക് താഴെയെത്തുന്നിടത്താണ് ഓസോൺ ശോഷണം ഏറ്റവുമധികം സംഭവിക്കുന്നത്. 62 ഡിഗ്രിവരെ മൈനസ് താപനിലയുള്ള ദക്ഷിണ ധ്രുവത്തിലാണ് ഓസോൺ ശോഷണം ആദ്യം നടക്കുന്നത്.