ന്യൂസ് ഡെസ്ക് മലയാളം യുകെ

2021 സെൻസസ് നടത്താൻ ഒരുങ്ങുമ്പോൾ പൊതുജനങ്ങൾക്ക് സ്വാഭാവികമായും വിവരങ്ങൾ പങ്കുവെക്കുന്നതിനെപ്പറ്റി സംശയങ്ങളും ആശങ്കകളും ഉണ്ടാവാം. എന്നാൽ വിവരശേഖരണത്തെ പറ്റിയും സ്വകാര്യതയെ പറ്റിയും ഗവൺമെന്റിന് കൃത്യമായ ധാരണകളുണ്ട്. പൊതുബോധത്തെ സംശയത്തിൽ ആക്കുന്ന, പൗരന്മാരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ സെൻസസിൽ ഇല്ല എന്ന് ഉറപ്പു നൽകുകയാണ് അധികൃതർ.

ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 2021 മാർച്ച് സെൻസസ് ദിനത്തിന് മുൻപ് തന്നെ വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെട്ട് കത്തുകൾ ജനങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ മഹാമാരി മൂലം സ്കോട്ട്‌ലൻഡ് സെൻസസ് 2022 -ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ജനസംഖ്യയും, ജനസാന്ദ്രതയും കണക്കാക്കുക എന്നതാണ് സെൻസസിന്റെ പ്രധാന ലക്ഷ്യം. ജനസംഖ്യ അനുപാതം സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടാവുക. പൗരന്മാരുടെ പ്രായം, ലിംഗം, കുടുംബബന്ധങ്ങൾ, സാമൂഹിക സാമ്പത്തിക അവസ്ഥകൾ, തൊഴിൽ, പാർപ്പിടം, വസ്തുവകകളുടെ വിവരം വിദ്യാഭ്യാസം ആരോഗ്യം, സാംസ്കാരിക പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾ ആണ് കൂടുതലായും ഉണ്ടാവുക.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനസംഖ്യ അനുപാതം, സ്കൂളുകൾ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഫണ്ടിനുള്ള വിവരങ്ങൾ, യുകെയുടെ പൊതുവിലുള്ള ഭൂപടനിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ ആണ് കൂടുതലായും ചോദിക്കുക. സെൻസസിൽ പങ്കാളികളാവുക എന്നത് നിയമപരമായ ബാധ്യതയാണ്. സഹകരിക്കാത്തവർക്ക് 1,000 പൗണ്ടോളം പിഴയടക്കാൻ സാധ്യതയുണ്ട്. വ്യക്തികൾ സെൻസസിൽ പങ്കെടുക്കാത്തത് മൂലം പൊതുവിലുള്ള കണക്കുകൾക്ക് വലിയ രീതിയിലുള്ള വ്യത്യാസം സംഭവിക്കുകയും, ഭാവിയിൽ നടപ്പാക്കാനുള്ള വികസനപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി എന്നീ സ്ഥാപനങ്ങളാണ് സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ ഒരുവിധത്തിലും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ ചോർന്നു പോകില്ല എന്നും, തേഡ് പാർട്ടിക്ക് കൈ മാറില്ലെന്നും ഗവൺമെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നു എന്നതിലുപരിയായി അടുത്തടുത്തുള്ള പ്രദേശങ്ങളിലെ കണക്കുകളാണ് കൂടുതലായും ശ്രദ്ധിക്കപ്പെടുക. പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കാനായി നിലവിലുള്ള നിയമങ്ങളെല്ലാം കണക്കിലെടുത്താവും സെൻസസ് നടത്തുന്നത്.