ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാൻഡെമിക്കിന് ശേഷമുള്ള സാഹചര്യത്തിലും ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഓൺലൈൻ രീതിയിൽ തന്നെ ജോലി തുടരുവാൻ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ സർക്കാർ നയം. പുതിയ നിയമ പ്രകാരം തൊഴിലുടമകൾക്ക് നിർബന്ധിച്ചു തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തുവാൻ സാധിക്കുകയില്ല. പുതിയ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ഗവൺമെന്റ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് പലഭാഗത്തുനിന്നും ഉയർന്നുവന്നിരിക്കുന്നത്. ഇത്തരം നയങ്ങൾ ഉത്പാദന ക്ഷമതയെ കാര്യമായി ബാധിക്കുമെന്നും, അതോടൊപ്പം തന്നെ സാധാരണ ജീവിതത്തിലേക്ക് ഒരു മടക്കം സാധിക്കുകയില്ല എന്നും വിമർശകർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വർക്ക്‌ – ഫ്രം – ഹോം രീതി തുടർന്നു പോയാൽ, നിരവധി പേർക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.


മന്ത്രിമാരുടെ ഈ തീരുമാനം ക്യാബിനറ്റിൽ തന്നെ വൻ വിവാദ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ റിഷി സുനക് എന്നിവരും ഓഫീസ് ജീവിതത്തിന്റെ സാധ്യതകളെ സംബന്ധിച്ച് സംസാരിച്ചു. ഓൺലൈൻ ജോലി ഡിഗ്രി തുടർന്നു കൊണ്ടു പോയാൽ ജനങ്ങളുടെ സാധാരണ ജീവിതത്തെ മൊത്തം ബാധിക്കുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു രീതി എല്ലാവർക്കും പിന്നീട് ജീവിതത്തിൽ സാധാരണം ആകുമെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് വ്യക്തമാക്കി.


ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് ആവശ്യം എന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഓൺലൈൻ ജോലി ജനങ്ങളുടെ മാനസിക ആരോഗ്യം തന്നെ തകർക്കുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള തീരുമാനം ഉണ്ടായാൽ ക്യാബിനറ്റിൽ തന്നെ എതിർപ്പുകൾ ഉണ്ടാകും.