തേജസ്‌ ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ്‌ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന “രുദ്രന്റെ നീരാട്ട്…” സിനിമയുടെ ചിത്രീകരണം സമാപിച്ചു.

വേൾഡ് ടുറിസം ഭൂപടത്തിൽ ഇടം പിടിച്ച കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിലും ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളുമായിരുന്നു പ്രധാന ലൊക്കേഷൻ.

ലഹരി ‘ ലഹരി,ലഹരി ! ? …….മനസ്സാക്ഷിയെ മരവിപ്പിക്കുന്ന മഹാ പാതകങ്ങളിലേക്കു മനുഷ്യ ജീവിതങ്ങളെ വലിച്ചിഴക്കുന്ന ലഹരിയുടെ മായാലോകം. അതു മദ്യമായും മയക്കുമരുന്നായും മനുഷ്യന്റെ സിരകളിൽ പടർന്നു മയങ്ങുമ്പോൾ മായാലോകത്തിൽ മറഞ്ഞിരിക്കുന്ന ഭീകരതകളിലേക്കും വൈകൃതങ്ങളിലേക്കും അവനെ തള്ളിവിടുന്ന മഹാ വിപത്ത്.

“രുദ്രന്റെ നീരാട്ട്” വെറുമൊരു സിനിമയല്ല ,ആകാംക്ഷയിലും ജിജ്ഞാസയിലും പ്രേരണയിലും പെട്ടു ജീവിതം കൈവിട്ടുപോയ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ നേർക്കാഴ്ച. പുതു തലമുറയ്ക്ക് ഇതിൽ നിന്നും പാഠമുൾക്കൊണ്ട് കരുതലെടുക്കുവാൻ ഉൾക്കാഴ്ചയുണ്ടാക്കും ഈ ചിത്രം എന്നതിൽ സംശയമില്ല.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കുടുംബകഥയാണ് ഷാജി തേജസ്സ് ഈ സിനിമയിലൂടെ പറയുന്നത്. ചിത്രത്തിൽ ഷാജി തേജസ്സിനോടൊപ്പം നായികയായി പ്രിയ സതീഷ് വേഷമിടുന്നു. രാമചന്ദ്രൻ പുന്നാത്തൂർ,അമർനാഥ് പള്ളത്ത്,ജോസഫ് പോൾ മാതിരമ്പുഴ,ജോണി കുറവിലങ്ങാട്,കുറുപ്പ് ചേട്ടൻ,തോമസ് ജോസഫ്,ബൈജു ബെൻസാർ, ജിജി,ബേബി കോയിക്കൽ,ബൈജു കാഞ്ഞിരപ്പള്ളി,ജിജി കല്ലമ്പാറ,അയ്യപ്പൻ കാണക്കാരി,പ്രശാന്ത് എഴുമാന്തുരുത്ത്,തമ്പി കറുകച്ചാൽ,വിനോദ് തപ്‌ളാൻ,നിഷാ ജോഷി,കോട്ടയം പൊന്നു, ശിവലക്ഷ്മി,ആരതി, ബാല താരങ്ങളായ വൈഡൂര്യ, മാസ്റ്റർ.ജോർവിൻ എന്നിവരും വേഷമിടുന്നു.

ഷാജി തേജസ്,ബാബു എഴുമാവിൽ,മുരളി കൈമൾ,ഫ്രാൻസിസ് മാത്യു പാലാ എന്നിവർ ഗാനരചനയും, രാംകുമാർ മാരാർ, ഷിനു വയനാട്, ശ്യാം കോട്ടയം എന്നിവർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.ഋത്വിക് ബാബു,ഷിനു വയനാട്,രാംകുമാർ മാരാർ,ശ്യാം കോട്ടയം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
എഡിറ്റിംഗ് പുരോഗമിക്കുന്നു.

ചിത്രം ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ ജനുവരിയിൽ റിലീസ് ചെയ്യും.