ചില ജില്ലകളില്‍ രോഗവ്യാപനം അതിതീവ്രമാണെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. നിലവില്‍ സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമല്ലെന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ നീട്ടണമോയെന്നകാര്യം പരിശോധിച്ച്‌ തീരുമാനിക്കുമെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ആകുമെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു. അതു കൊണ്ടു തന്നെ നിലവിലെ അവസ്ഥ പ്രതീക്ഷിച്ചതാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഐസിയുകള്‍ നിറഞ്ഞു വരുന്ന അവസ്ഥയുണ്ട്. ഇതിന് പരിഹാരമായി കൂടുതല്‍ ഐസിയു ബെഡുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഓക്‌സിജന്‍ ഉപയോഗം കൂടിയതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല. നിലവില്‍ ഇപ്പോഴുള്ളത് മതിയാകില്ല. കേന്ദ്ര വിഹിതം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഷൈലജ വ്യക്തമാക്കി. കേരളത്തില്‍ മരണനിരക്ക് 0.4%ല്‍ താഴെ ആണ്. മരണ നിരക്ക് കുറച്ചു കാണിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മരണ നിരക്ക് മറച്ചു വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.