സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷം തൊഴിൽ ആനുകൂല്യങ്ങൾ അവകാശപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഏപ്രിലിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരുടെ എണ്ണം 2.1 ദശലക്ഷമായി ഉയർന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുമ്പ് തൊഴിൽ അവസരങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. എന്നാൽ തൊഴിലാളി മേഖല കൂടുതൽ വഷളാകാൻ പോകുന്നുവെന്ന് രാഷ്ട്രീയക്കാരും വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വർക്ക് ആന്റ് പെൻഷൻ സ്റ്റേറ്റ് സെക്രട്ടറി തെരേസ് കോഫി ഇന്ന് ബിബിസിയോട് പറഞ്ഞു. റെസല്യൂഷൻ ഫൗണ്ടേഷന്റെ പ്രത്യേക പഠനമനുസരിച്ച് , കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ചെറുപ്പക്കാർക്ക് ജോലി നഷ്‌ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്യാം. 18 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ ഒരാൾ രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതിനേക്കാൾ വരുമാനം വളരെ കുറവാണ് നേടുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.

മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെയിലെ തൊഴിലില്ലായ്മ 50,000 വർദ്ധിച്ച് 1.35 മില്യൺ ആയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായി അവർ കണക്കാക്കുന്നു. വരും മാസങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമായേക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു. സർക്കാരിന്റെ ഫർലോ സ്‌കീം കൂടി ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നു. തൊഴിലില്ലായ്മ 10% ത്തിൽ കൂടുതലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഡയറക്ടർ ജഗ്ജിത് ചദ്ദ ബിബിസിയോട് പറഞ്ഞു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ജോലി ഒഴിവുകളുടെ എണ്ണത്തിലും കുറവുണ്ടായി. തൊഴിൽ വിപണിയിൽ ഗണ്യമായ മാന്ദ്യത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും സർക്കാരിന്റെ പിന്തുണാ പാക്കേജ് ഇതിന്റെ ആഘാതം കുറയ്ക്കുന്നു. ജോലി നഷ്‌ടപ്പെടുന്നവർക്ക് മറ്റു ജോലികൾ ചെയ്യാനുള്ള ഒഴിവുകളും കുറവാണ്. തൊഴിൽ മേഖല ഓഗസ്റ്റിൽ ഘട്ടംഘട്ടമായി തിരികെവരുമ്പോൾ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആശങ്കകളുണ്ട്.

ഓരോ ആഴ്ചകളിലെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള എസ്റ്റിമേറ്റുകൾ സൂചിപ്പിക്കുന്നത് മാർച്ച് അവസാന വാരത്തിൽ ജോലി ചെയ്ത മണിക്കൂറുകൾ കുറഞ്ഞതാണ് ഇടിവുണ്ടാകാൻ കാരണം എന്നാണ്. പകർച്ചവ്യാധി കാരണം നിരവധി പേർ ആദ്യമായി ആനുകൂല്യ വ്യവസ്ഥയിലേക്ക് വരുന്നുണ്ടെന്ന് തെരേസ് കോഫി പറഞ്ഞു. തൊഴിലില്ലായ്മ ആനുകൂല്യത്തിനായി ക്ലെയിം ചെയ്യുന്നത് ക്ഷേമ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. “നമ്മൾ നേരിടുന്ന പ്രതിസന്ധിയുടെ കാഠിന്യം എത്രത്തോളമാണെന്ന് ഈ കണക്കുകൾ വെളിപ്പെടുത്തുന്നു.” ;ഷാഡോ വർക്ക് & പെൻഷൻ സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് അറിയിച്ചു.