കോവിഡ്–19 രോഗം ഭേദമായവരിൽ വൈറസ് വീണ്ടും പ്രവേശിക്കില്ല എന്നതിനു തെളിവൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടന. കോവിഡ് രോഗമുക്തി നേടിയവർ വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് സാംക്രമികരോഗ വിദഗ്ധർ വ്യക്തമാക്കിയത്. രോഗം ഭേദമായവരിൽനിന്നുള്ള ആന്റിബോഡി വേർതിരിച്ചെടുത്ത് കോവിഡ് ചികിത്സയ്ക്കു ഉപയോഗിക്കുന്നതു സംബന്ധിച്ചു പല രാജ്യങ്ങളും നിർദേശിക്കുന്നുണ്ടെന്ന് ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. മരിയ വാൻ കെർകോവ് പറഞ്ഞു.

രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്നു മനസിലാക്കാൻ പല രാജ്യങ്ങളും സെറോളജി പരിശോധനകൾ നടത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈറസിനെതിരെ ശരീരം ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കുന്നതിനാണ് ഈ പരിശോധന. രോഗിമുക്തി നേടിയവരിൽ ആന്റിബോഡികൾ ഉണ്ടെന്നതു കൊണ്ട് അവർ രോഗപ്രതിരോധ ശേഷി കൈവരിച്ചെന്ന് അർഥമില്ലെന്നും അവർ പറഞ്ഞു.

ആന്റിബോഡി പരീക്ഷണങ്ങൾ ചില ധാര്‍മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഡോ. മൈക്കിൾ ജെ. റയൻ പറഞ്ഞു. ആന്റിബോഡി പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു ഗുരുതരമായ ധാർമിക പ്രശ്നങ്ങളുണ്ട്. വളരെ ശ്രദ്ധയോടെ വേണം അതിനെ അഭിസംബോധന ചെയ്യാൻ. ആ ആന്റിബോഡികൾ നൽകുന്ന സുരക്ഷയുടെ ദൈർഘ്യത്തെ കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.