കാനഡയില്‍ നിന്നുള്ള 27 കാരിയായ നവോമി മക്റേ. അഞ്ച് വര്‍ഷമായി യൂ ട്യൂബില്‍ അത്തരം വീഡിയോകള്‍ നിര്‍മ്മിക്കുകയാണ് അവള്‍. ഒരു മാസം ഏഴര കോടി രൂപയാണ് (750,000 പൗണ്ട്) അവര്‍ ഇതിലൂടെ സമ്പാദിക്കുന്നത്.ഏകദേശം 80 ലക്ഷം വരിക്കാരുണ്ട്. തുടക്കത്തില്‍ ഫിറ്റ്‌നസ് പരിശീലകയായിരുന്ന അവള്‍ ഇപ്പോള്‍ ഒരു മുഴുനീള എ എസ് എം ആര്‍ (ഓട്ടോണമസ് സെന്‍സറി മെറിഡിയന്‍ റെസ്പോണ്‍സ്) വീഡിയോ സ്രഷ്ടാവാണ്. ഇത്തരം വീഡിയോകളുടെ പ്രത്യേകത അത് നമ്മുടെ തലച്ചോറില്‍ സുഖകരമായ ഒരു അവസ്ഥാവിശേഷം സൃഷ്ടിക്കും എന്നതാണ്. സെറിബ്രല്‍ രതിമൂര്‍ച്ഛ എന്നും ഇത് അറിയപ്പെടുന്നു. അത്തരം വീഡിയോകളില്‍ ആളുകള്‍ മന്ത്രിക്കുന്നത്, പെയിന്റിംഗ്, ബ്രഷ് സ്‌ക്രാച്ച്, ടാപ്പിംഗ്, കൈ ചലനങ്ങള്‍ തുടങ്ങിയ എല്ലാ ശബ്ദങ്ങളും കേള്‍ക്കാം. അത് തലച്ചോറില്‍ ഒരു ഇക്കിളി പോലുള്ള അനുഭവമുണ്ടാക്കും.

നവോമിയും ഭക്ഷണം കഴിക്കുന്ന വീഡിയോകളിലൂടെ അത്തരം വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഈ ശബ്ദങ്ങള്‍ ആളുകളുടെ ശരീരത്തില്‍ വ്യത്യസ്തമായ പ്രകമ്പനം സൃഷ്ടിക്കുന്നു. സുഖമായി ഉറങ്ങാനും ഇത് അവരെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ അവളെ സ്‌നേഹത്തോടെ ഹണീബീ എന്നാണ് വിളിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുകയാണ്. 16 വയസ്സുള്ളപ്പോഴാണ് എഎസ്എംആര്‍ വീഡിയോകള്‍ അവള്‍ ആദ്യമായി കാണുന്നത്. ‘അതിലൊരു വീഡിയോവില്‍ ഒരു സ്ത്രീ എന്തോ മന്ത്രിക്കുന്നതിനിടയില്‍ ഒരു കണ്ണാടിയില്‍ തട്ടുകയായിരുന്നു. എന്റെ തലയുടെ മുകള്‍ഭാഗത്തും തോളുകളിലും ഇത് തീവ്രമായ പ്രകമ്പനമുണ്ടാക്കി,’ അവള്‍ പറഞ്ഞു. അതിനുശേഷം, അവള്‍ എഎസ്എംആര്‍ വീഡിയോകളുടെ ഫാനായി. ഉറക്കമില്ലായ്മ അനുഭവിച്ചിരുന്ന അവള്‍ക്ക് സഹായമായത് ഈ വീഡിയോകളായിരുന്നു. ‘ആളുകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ കാണും. കാരണം അത് എന്നെ റിലാക്സ് ചെയ്യാനും, ഉറങ്ങാനും സഹായിച്ചു,” അവള്‍ പറഞ്ഞു. അത്തരം വീഡിയോകള്‍ മനസ്സിനെ ശാന്തമാക്കാനും, നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കുമെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് കാലിഫോര്‍ണിയയില്‍ പഠിക്കുമ്പോള്‍ അവള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഒഴിവുസമയങ്ങളില്‍ അതില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതില്‍ ഒരിക്കല്‍ അവള്‍ ഭക്ഷ്യയോഗ്യമായ ഒരു ഡിഷ് സ്‌പോഞ്ച് ഉണ്ടാക്കി, കഴിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദശലക്ഷത്തിലധികം വ്യൂസ് അതിന് ലഭിച്ചു. ഇതോടെയാണ് ആഹാരം കഴിക്കുന്നത് ചിത്രീകരിക്കുന്ന വീഡിയോകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്ന് മനസ്സിലായത്. മുക്ബാംഗ് വീഡിയോസ് എന്നാണ് അത് അറിയപ്പെടുന്നത്.

പിന്നീട്, ഭക്ഷ്യയോഗ്യമായ ഹെയര്‍ ബ്രഷുകള്‍, ഷാംപൂ ബോട്ടിലുകള്‍, ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയ സാധനങ്ങള്‍ കഴിക്കുന്ന വീഡിയോകള്‍ അവള്‍ ചാനലില്‍ പങ്കിട്ടു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍, അവളുടെ വരിസംഖ്യ പിന്നെയും കുതിച്ചുയര്‍ന്നു. യുട്യൂബില്‍ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് ഭര്‍ത്താവിനൊപ്പം അവളിപ്പോള്‍ ലോകമെമ്പാടും സഞ്ചരിക്കുന്നു. ‘ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയെ തീര്‍ത്തും ഇഷ്ടപ്പെടുന്നു. ഒന്നിനും വേണ്ടിയും അത് ഉപേക്ഷിക്കാന്‍ എനിക്ക് പറ്റില്ല.’-നവോമി പറഞ്ഞു.