വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെയും പ്രതിശ്രുത വരനെയും ബന്ധുക്കളെയും യുവതിയുടെ കാമുകന്റെ നേതൃത്വത്തിലെത്തിയ സംഘം തല്ലി.സംഘർഷത്തിനൊടുവിൽ യുവതി കാമുകനൊപ്പമാണെന്നു പറഞ്ഞതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നു പ്രതിശ്രുത വരനും ബന്ധുക്കളും പിൻമാറി.ഇന്നലെ ഉച്ചകഴിഞ്ഞു നഗരത്തിലെ വസ്ത്രവ്യാപാരശാലയിലാണു സംഭവം. കടയുടെ ഉള്ളിൽ നിന്നു സംഘർഷം റോഡിലേക്കു വ്യാപിച്ചതോടെ ജനക്കൂട്ടം കാഴ്ചക്കാരായി. പൊലീസെത്തി ആറുപേരെ പിടികൂടി കേസ് എടുത്തു. പ്രതിശ്രുതവരനും വധുവിന്റെ സഹോദരനും കടയിലെ ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കു മർദനമേറ്റു.
പൊലീസ്പ്രതിശ്രുത വരനെയും യുവതിയെയും കാമുകനെയും സ്റ്റേഷനിലെത്തിച്ചു. കാമുകനൊപ്പം പോകാനാണ് ഇഷ്ടമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നും യുവതി അറിയിച്ചതോടെ വിവാഹത്തിൽ നിന്നു പിന്മാറുന്നതായി വരന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരായ യുവാവും യുവതിയും നാട്ടിൽ ഒരുമിച്ചു പഠിച്ചവരാണ്. പ്രണയത്തിലുമായിരുന്നു.ഇതിനിടെ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ചെയ്യുന്നതിനിടെ പരിചയപ്പെട്ട മറ്റൊരു യുവാവുമായും യുവതി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ യുവാവാണ് ഇന്നലെ സംഘവുമായെത്തി സംഘർഷമുണ്ടാക്കിയത്.
ഇതിനിടെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായി യുവതിയുടെ വിവാഹം തീരുമാനിച്ചു.വിവാഹനിശ്ചയവും നടത്തി. തുടർന്നു വിവാഹവസ്ത്രം എടുക്കാനാണു യുവതിയും വരനും ബന്ധുക്കളും വസ്ത്രവിൽപന ശാലയിലെത്തിയത്. ഈ സമയം കടയിലെത്തിയ കാമുകൻ കൂടെ ഇറങ്ങിവരാൻ യുവതിയോട്ആവശ്യപ്പെടുകയായിരുന്നു. വരന്റെയും യുവതിയുടെയും ബന്ധുക്കൾ ഇതിനെ ചോദ്യംചെയ്തതോടെയാണു സംഘർഷമായത്.മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നു യുവതി പറഞ്ഞതോടെ വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ, യുവതിയെ തൊടുപുഴയിലെ ഷെൽറ്റർ ഹോമിലാക്കി.
Leave a Reply