ന്യൂസ് ഡെസ്ക്, മലയാളം യുകെ
പത്ത് വർഷത്തിനുശേഷം ഇന്ത്യ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നതായി ആഭ്യന്തരകാര്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടങ്ങൾ പ്രകാരം ആഗോളതലത്തിൽ ഏകീകൃത ഫീസ് സംവിധാനം നടപ്പിലാക്കി. വിദേശത്ത് നിന്ന് പുതിയ OCI അപേക്ഷകൾക്ക് 275 ഡോളറും, ഇന്ത്യയിൽ അപേക്ഷിക്കുന്നവർക്ക് ₹15,000യും ഈടാക്കും. പാസ്പോർട്ട് മാറ്റം അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനായി OCI കാർഡ് റീ-ഇഷ്യൂ ചെയ്യാൻ 25 ഡോളറും, നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് കാർഡിന് 100 ഡോളറും നിശ്ചയിച്ചിട്ടുണ്ട്. ഭരണ നടപടികൾ ലളിതമാക്കുകയും ബയോമെട്രിക് പരിശോധന മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ മാറ്റങ്ങൾ നടപ്പിലാക്കിയതെന്നാണ് അധികൃതർ അറിയിച്ചത്.

പുതിയ ചട്ടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട ‘മൂന്നു മാസ നിയമം’ ആണ്. OCI കാർഡുടമകൾക്ക് പുതിയ വിദേശ പാസ്പോർട്ട് ലഭിച്ചതിന് ശേഷം 90 ദിവസത്തിനകം ഓൺലൈൻ പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഇത് പാലിക്കാത്ത പക്ഷം 25 ഡോളർ പിഴ ഈടാക്കും. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റ് സംവിധാനം വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് ഡേറ്റയും പാസ്പോർട്ട് വിവരങ്ങളും യഥാർത്ഥ സമയത്ത് പൊരുത്തപ്പെടുത്താനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. നിർദ്ദിഷ്ട സമയപരിധിയിൽ വിവരങ്ങൾ പുതുക്കാത്തവർക്ക് ഡൽഹി, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിൽ പരിശോധനയും കാലതാമസവും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇതിനൊപ്പം ശ്രീലങ്കയിലെ ഇന്ത്യൻ വംശജർക്കുള്ള നടപടികളിലും മാറ്റമുണ്ട് . മുമ്പ് നാലാം തലമുറവരെ മാത്രം അനുവദിച്ചിരുന്ന OCI യോഗ്യത ഇനി അഞ്ചും ആറാം തലമുറവരെയും ഉൾപ്പെടുത്തി . ശ്രീലങ്കൻ സർക്കാർ രേഖകൾ വംശാവലി തെളിവായി അംഗീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് നിലവിലുണ്ടായിരുന്ന ആറുമാസ താമസ വ്യവസ്ഥയും ഒഴിവാക്കി. ശാസ്ത്രജ്ഞരും ഗവേഷകരും ഇന്ത്യയിലെ പദ്ധതികളിൽ എളുപ്പത്തിൽ പങ്കെടുക്കുന്നതിനും പ്രവാസി ഇന്ത്യൻ സമൂഹവുമായി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുമായി ഈ മാറ്റങ്ങൾ സഹായകരമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.











Leave a Reply