തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

ഇന്നലെ രാത്രിയോടെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി നശിപ്പിച്ച സംഘം കമ്പിവടി ഉപയോഗിച്ച് ദൃശ്യങ്ങള്‍ ലഭിച്ച സിസി ടിവി ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഇന്നലെ ലഭിച്ച ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയില്‍ ഏഴംഗ സംഘമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.15നും 2.30നും ഇടയിലുള്ള സമയത്ത് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തിയ ആദ്യത്തെയാളിന്റെ ദൃശ്യം പതിഞ്ഞു. തൊട്ടു പിറകെ ആറുപേര്‍കൂടി അതേ സ്ഥലത്ത് എത്തി.

തുടര്‍ന്ന് ഇവരിലൊരാള്‍ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ക്യാമറ തകര്‍ത്തു. ഇതരസംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പൂനെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്.

വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

വീഡിയോ കടപ്പാട്: പീപ്പിൾ ടീവീ

അതേസമയം കവര്‍ച്ചയ്ക്കായി ഏരൂരിലെ വീട്ടിലേക്ക് തിരിക്കുന്നതിനു മുന്‍പായി ഈ സംഘം തൃപ്പൂണിത്തുറയിലെ ഒരു തീയ്യേറ്ററില്‍ സിനിമയ്ക്ക് കയറിയതായും പോലീസിന് സംശയമുണ്ട്. ഈ തീയ്യേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണസംഘം.