മുരളി മുകുന്ദൻ

ലണ്ടൻ: പതിറ്റാണ്ടുകൾക്ക് മുമ്പ് തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്നും ഉന്നത പഠനത്തിന് എത്തി, പിന്നീട് ലണ്ടൻ ഇന്ത്യൻ എംബസിയിൽ ഉയർന്ന ഉദ്യോഗസ്ഥനായും, അതോടൊപ്പം മലയാളികളുടെ ഭക്ഷണ രുചികളുടെ സ്ഥാപനങ്ങൾ ലണ്ടൻകാർക്ക് പരിചയപ്പെടുത്തിയും ടി.ഹരിദാസ് ഏവർക്കും പ്രീയപ്പെട്ടവനായിത്തീർന്നു. ഹരിയേട്ടനെ പരിചയപ്പെട്ടിട്ടുള്ളവർക്ക് എന്തെങ്കിലുമൊക്കെയായിരുന്നു അദ്ദേഹം. എന്നും പുഞ്ചിരിയും സൗമ്യതയും മുഖമുദ്രയായുള്ള വ്യക്തിത്വത്തിനുടമയായ ഹരിയേട്ടൻ മലയാളികൾക്ക് വേണ്ടി എതു പ്രതിസന്ധിഘട്ടങ്ങളിലും പരിഹാരം കണ്ടെത്തുവാൻ മലയാളി സമൂഹത്തിനു മുന്നിൽ മുൻപന്തിയിൽ അണിനിരന്നിരുന്ന ഒരാളായിരുന്നു.

ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ രക്ഷാധികാരിയായും കേരളത്തിൽ നിന്ന് ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റത്തിൽ യുകെയിലെ സാമൂഹീക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ്സ്, സാമുദായിക മണ്ഡലങ്ങളിലേയ്ക്ക് തൃശ്ശൂർ ജില്ല നൽകിയ കനത്ത സംഭാവനയാണ് ലണ്ടനിലെ ഇന്ത്യൻ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ടി.ഹരിദാസ് എന്ന അതുല്യ പ്രതിഭ.

യുകെയിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ വളർച്ചയിൽ രക്ഷാധികാരിയായ ടി.ഹരിദാസ് നൽകിയ സേവനങ്ങളെയും അദ്ദേഹം ചുക്കാൻ പിടിച്ച് തൃശ്ശൂർ ജില്ലയിൽ നടത്തിയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളെയും ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദി നന്ദിയോടെ സ്മരിക്കുന്നു. ടി.ഹരിദാസിന്റെ മരണത്തിൽ ബ്രിട്ടനിലെ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ദേശീയ നേതാക്കളായ അഡ്വ. ജെയ്സൻ ഇരിങ്ങാലക്കുട, മുരളി മുകുന്ദൻ, ജീസൻ പോൾ കടവി, ജി.കെ. മേനോൻ, ലോറൻസ് പല്ലിശ്ശേരി, സണ്ണി ജേക്കബ്, ജോജി പോൾ (ജെപി), ജോസഫ് ഇട്ടൂപ്പ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനത്തിനുവച്ച ടി.ഹരിദാസിന്റെ മൃതദേഹത്തിൽ തൃശ്ശൂർ ജില്ല സൗഹൃദവേദിയുടെ ഭാരവാഹികൾ നേരിട്ടെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു.