പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും തൊട്ടു പുറകെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. പൂരത്തില്‍ പങ്കാളികളാകുന്ന മറ്റ് ദേശക്ഷേത്രങ്ങളിലും കൊടികളുയരും. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം.

രാവിലെ 11.15നും 11.45നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് തിരുവമ്പാടി ക്ഷേത്രത്തിലെ കൊടിയേറ്റം. കാനാട്ടുകര താഴത്തുപുരയ്ക്കൽ കുടുംബമാണ് രാജകാലം മുതല്‍ പൂരക്കൊടിമരത്തിന്‍റെ ആശാരി. 10 കോലും ആറ് വിരലുമാണ് തിരുവമ്പാടി കൊടിമരത്തിന്‍റെ ഉയരം. ഭൂമി പൂജ കഴി‍‌ഞ്ഞ് രാശി നോക്കി ലക്ഷണം പറ‍ഞ്ഞ ശേഷമാണ് കൊടി ഉയർത്തുക. മുകളിൽ നിന്ന് 13 വിരൽ താഴെയാണ് കൊടിക്കൂറ കെട്ടുന്നത്.

ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ്സ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.