അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞിനെ ഒരു നോക്ക് കാണാനാകാതെ ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി ശരത്ത് ചേതനയറ്റ് കിടക്കുമ്പോൾ അരികിൽ നെഞ്ച് തകർന്ന് കരയുകയായിരുന്നു നമിത. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ട നമിതയുടെ നോവ് കൂടിനിന്നവരിലേക്കും പടർന്നു. അഞ്ച് വർഷം കാത്തിരുന്ന് കൺമണി പിറന്നത് കാണാതെയാണ് ശരത്തിന്റെ അന്ത്യയാത്ര. കുഞ്ഞ് ജനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് തിങ്കളാഴ്ച പുലർച്ചെ ശരത്ത് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. അന്നേദിവസം ഉച്ചയോടെയാണ് കുഞ്ഞിന് ഭാര്യ നമിത ജന്മം നൽകിയത്.

ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യ നമിതയെ ശരത്തിന്റെ വിയോഗം അറിയിച്ചിരുന്നില്ല. പിറ്റേദിവസം മരണാനന്തര ചടങ്ങിലേക്ക് അവസാനമായി കുഞ്ഞിനേയും നമിതയേയും എത്തിക്കുകയായിരുന്നു. കണ്ണുംപൂട്ടി ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഉറക്കത്തിലായിരുന്നു കൺമണി. നെഞ്ച് തകർന്ന് കരയുന്ന അമ്മയേയും ഒരിക്കലും ഉറങ്ങാത്ത ഉറക്കത്തിലായ അച്ഛനേയും ഒന്നും കുഞ്ഞ് കാണുന്നുണ്ടായിരുന്നില്ല.

ഉച്ചയോടെ പഴഞ്ഞി വെസ്റ്റ് മങ്ങാട് വീട്ടിലെത്തിച്ച ശരത്തിന്റെ മൃതദേഹം പാമ്പാടി ഐവർമഠത്തിലാണ് സംസ്‌കരിച്ചത്. വിവാഹം കഴിഞ്ഞ് 5 വർഷം കാത്തിരുന്നു ചികിത്സ നടത്തിയുണ്ടായ കുഞ്ഞ് പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത് (30) ബൈക്കപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ശരത് മരിച്ചതറിയിക്കാതെ പ്രസവം നടത്തിയ ആശുപത്രി അധികൃതർ ഒരു പകലും രാത്രിയും നമിതയ്ക്കു കൂട്ടിരുന്നു.

ഇന്നലെ രാവിലെ ശരത്തിന്റെ മൃതദേഹം അവസാനമായി ഒരുനോക്കു കാണിക്കാനായി എത്തിക്കുന്നതിനു തൊട്ടുമുൻപാണ് നമിതയോടു വിവരം അറിയിച്ചത്. കുഞ്ഞിനെ കാണാൻ ശരത് എന്താണ് എത്താത്തതെന്ന് ആശങ്കപ്പെട്ടിരുന്ന നമിതയ്ക്കു മരണ വാർത്ത ഉൾക്കൊള്ളാൻ പറ്റാത്ത അഗാധ വേദനയായി. മൃതദേഹം എത്തിച്ചപ്പോൾ പ്രസവ ശസ്ത്രക്രിയയുടെ അവശതയിൽ തളർന്നിരുന്ന നമിത ഹൃദയം പൊട്ടി കരഞ്ഞു. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ കട നടത്തുകയായിരുന്നു ശരത്.

സുഹൃത്തിനെ സഹായിക്കാനായി പുലർച്ചെ ബൈക്കുമായി പുറപ്പെട്ടതായിരുന്നു ശരത്. വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

ഈ സമയത്ത് ശരത്തിന്റെ ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്ക് പുറപ്പെടാനായി എല്ലാം ഒരുക്കിവെച്ച് കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരൻ ബൈക്കിൽ പെട്രോൾ തീർന്ന് പാതിവഴിയിൽ നിൽക്കുകയാണെന്ന് അറിയിച്ച് വിളിക്കുകയായിരുന്നു. കുന്നംകുളം അഞ്ഞൂരിൽ പെട്ടുപോയ സുഹൃത്തിനെ സഹായിക്കാനായി മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ശരത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്. അനുരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.