മലയാള സിനിമയിലെ ഒരുകാലത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ടി പി മാധവൻ. ഹാസ്യ കഥാപാത്രങ്ങളും, സീരിയസ് വേഷങ്ങളുമെല്ലാം ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമയിലേയ്ക്ക് പ്രവേശിച്ച സമയത്ത് വില്ലൻ കഥപാത്രങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ പിന്നീട് പതിയെ അത് കോമഡി വേഷങ്ങളിലേയ്ക്ക് മാറുകയായിരുന്നു.

അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹമിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവൻ അന്തേവാസിയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും, കടുത്ത ദാരിദ്രവും അദ്ദേഹത്തെ അവിടേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്പോഴിതാ തൻ്റെ മകനെ ഒരു നോക്ക് കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ​പത്തനാപുരത്തെ ​ഗാന്ദിഭവൻ സ്ഥാപകനും, ടി പി മാധവൻ്റെ അടുത്ത സുഹൃത്തു കൂടിയായ പുനലൂർ സോമരാജൻ ഇക്കാര്യങ്ങളെല്ലാം പങ്കുവെക്കാനിടയായത് . ​ഫ്ലവേഴ്സിലെ പരിപാടിയിൽ പങ്കെടുക്കാൻ പോവുന്നുണ്ടെന്ന് അറിഞ്ഞ തന്നോട് ടി പി മാധവൻ സർ തന്നോട് രണ്ട് ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നാമത്തെ ആഗ്രഹം മോഹൻലാലിനെ ഒന്ന് കാണണമെന്നും, രണ്ടാമത്തെ ആഗ്രഹം മകനെ ഒന്ന് കാണണമെന്നത് ആണെന്നും വേദിയിൽ വെച്ച് പുനലൂർ സോമരാജ് പറഞ്ഞു.

ടി പി മാധവൻ്റെ മകൻ രാജകൃഷ്ണമേനോന്  ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. മകന് കേവലം രണ്ടര വയസ് മാത്രം പ്രായമുള്ള സമയത്താണ് ടി പി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയ്ക്ക് മാത്രമായി ജീവിതം മാറ്റിവെക്കുന്നത്. ആ കാലത്ത് സിനിമ അദ്ദേഹത്തിന് ഒരു ഭ്രാന്തായിരുന്നു. സിനിമ മോഹം കൂടി പിന്നെ കുടുംബത്തെ അദ്ദേഹം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് തനിയ്ക്ക് മകനെ ഒന്ന് കാണണമെന്ന ആഗ്രഹം ടി പി മാധവൻ പങ്കുവെക്കുന്നത്. തന്നെയും കുടുംബത്തെയും വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ തനിയ്ക്ക് കാണാൻ ആഗ്രഹമില്ലെന്ന് മകൻ രാജകൃഷ്‌ണമേനോൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിനിമയിൽ അഭിനയിക്കുന്ന ആളുകൾക്ക് ഭർത്താവോ, ഭാര്യയോ പാടില്ലെന്നും ഭർത്താവ് മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം ഇഴകിച്ചേർന്ന് അഭിനയിക്കുന്നത് ഏത് ഭാര്യയ്ക്കാണ് ഇഷ്ടപ്പെടുകയെന്നും, അവരും ഒരു സ്ത്രീയല്ലേ ? അത് മാത്രമല്ല മാഗസിനുകളിൽ വരുന്ന ഗോസിപ്പുകളെല്ലാം ഭാര്യമാർ വിശ്വസിക്കുമെന്നും, ഒരു നടി ഫോൺ വിളിച്ചാലോ, നടിമാർക്കൊപ്പം സഞ്ചരിച്ചാലോ എല്ലാം വലിയ പ്രശ്നങ്ങളാണെന്നും ഇതൊന്നും സഹിക്കാനോ നേരിടാനോ കഴിയാത്തത് കൊണ്ടാണ് താൻ പിന്നീട് വിവാഹബന്ധം വേർപ്പെടുത്തിയത് എന്നായിരുന്നു ടി പി മാധവൻ മുൻപൊരിക്കൽ പറഞ്ഞത്.  പിപ്പ, ഷെഫ്, എയർലിഫ്റ്റ്  തുടങ്ങി ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങൾ ടി പി മാധവൻ്റെ മകൻ രാജാ കൃഷ്ണ മേനോൻ്റെ സംവിധാനത്തിൽ പിറന്ന ചിത്രങ്ങളാണ്. ബാംഗ്ലൂരിലാണ് അമ്മയ്‌ക്കൊപ്പം രാജകൃഷ്ണമേനോൻ പഠിച്ചതും, വളര്ന്നതും.