ലണ്ടന്‍: ട്രംപോലിന്‍ പാര്‍ക്കുകളില്‍ പരിക്ക് പറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. യുകെയിലെ ട്രംപോലിന്‍ പാര്‍ക്കുകളില്‍ ഒരു വര്‍ഷത്തിനിടെ 300 തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്. ബിബിസിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. വണ്‍ പാര്‍ക്ക്, ഫഌപ്പ് ഔട്ട് സ്‌ട്രോക്ക് എന്നീ പാര്‍ക്കുകളില്‍ ആഴ്ചയില്‍ ശരാശരി ഒന്നിലേറെത്തവണ ആംബുലന്‍സുകള്‍ വിളിക്കേണ്ടി വന്നതായാണ് കണക്ക്.
2014ലാണ് യുകെയില്‍ ആദ്യത്തെ ട്രംപോലിന്‍ പാര്‍ക്ക് ആരംഭിച്ചത്. ഇതിനു പിന്നാലെ ആരംഭിച്ച്
ട്രംപോലിന്‍ പാര്‍ക്ക് വിപ്ലവത്തിന്റെ ഫലമായി ഇപ്പോള്‍ 140 പാര്‍ക്കുകളാണ് രാജ്യത്ത് ഉള്ളത്. 2016 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷക്കാലത്ത് 30 പാര്‍ക്കുകളില്‍ നിന്ന് ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടതിന്റെ കണക്കുകളാണ് പുറത്തു വിട്ടത്.

ഒടിവും ചതവും ഉണ്ടാകുന്ന അവസരങ്ങളിലാണ് മിക്കവാറും ആംബുലന്‍സ് സേവനം ആവശ്യമായി വരാറുള്ളത്. കാലിന് ഒടിവുണ്ടാകുന്നതാണ് ഏറ്റവും കുടുതലുണ്ടാവാറുള്ള പരിക്ക്. നട്ടെല്ല്, തല, പുറം, കാല് എന്നിവയ്ക്കാണ് ഈ പാര്‍ക്കുകളിലെത്തുവര്‍ക്ക് സാധാരണ പരിക്കേല്‍ക്കുന്നത്. ഇതോടെ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പാര്‍ക്കുകള്‍ക്കായുള്ള മാനദനണ്ഡങ്ങളും നിബന്ധനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.