ലോകത്തിലെ ഏറ്റവും വലിയ മഹാവനമാണ് ആമസോണ്‍ മഴക്കാടുകള്‍. മരങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന ആ വനത്തിനുള്ളിലകപ്പെട്ടാല്‍ പിന്നെ പുറം ലോകം കാണുക പ്രയാസമാണ്. വന്യജീവികളും, ഇരുള്‍ മൂടിയ പാതകളുമുള്ള ആ കൊടുംകാട്ടില്‍ വഴി തെറ്റി ചെന്നെത്തിയ രണ്ട് സഹോദരങ്ങള്‍ കുടുങ്ങി കിടന്നത് 26 ദിവസം! എന്നിട്ടും അസാധ്യമായത് സംഭവിച്ചു. ഒരു പോറലുമേല്‍ക്കാതെ രണ്ടു കുട്ടികളും പുറത്തുവന്നു.

ഒമ്പത് വയസ്സുള്ള ഗ്ലെയ്സണ്‍ ഫെറേറയും അവന്റെ ഇളയ സഹോദരന്‍ ഏഴു വയസ്സുള്ള ഗ്ലേക്കോയുമാണ് ആമസോണ്‍ വനത്തിനുള്ളില്‍ അകപ്പെട്ടത്. ഇവര്‍ ആമസോണസ് സംസ്ഥാനത്തിലെ ലാഗോ കപാന പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് താമസിക്കുന്നത്. തദ്ദേശീയരായ മുറ ഗോത്രവിഭാഗക്കാരാണ് ഈ കുട്ടികള്‍.

ഫെബ്രുവരി 18-ന് ആമസോണസ് സംസ്ഥാനത്തിലെ മാനിക്കോറിനടുത്തുള്ള കാട്ടില്‍ വച്ചാണ് ഇരുവര്‍ക്കും വഴിതെറ്റിയത്. ചെറിയ പക്ഷികളെ വേട്ടയാടി പിടിക്കാനായിരുന്നു അവര്‍ കാട് കയറിയത്. നേരം ഇരുട്ടിയിട്ടും അവര്‍ തിരികെ എത്താതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന്, പോലീസ് തിരച്ചില്‍ ആരംഭിച്ചു. 260-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ രാപ്പകല്‍ തിരച്ചില്‍ തുടര്‍ന്നുവെങ്കിലും, കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. മഴക്കാലത്ത് ആമസോണ്‍ ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും മഞ്ഞു മൂടിയ, വഴുക്കലുള്ള വഴികളും മറികടക്കുക പ്രയാസമായിരുന്നു. ഒടുവില്‍ ഫെബ്രുവരി 26 -ന്, എട്ടാം ദിവസം അധികാരികള്‍ക്ക് അവരുടെ തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു.

എന്നാല്‍, പ്രതീക്ഷ കൈവിടാതെ പ്രദേശവാസികള്‍ സ്വന്തമായി തിരച്ചില്‍ തുടര്‍ന്നു. ഒടുവില്‍ മാര്‍ച്ച് 18 -ന് കാട്ടില്‍ പോയ മരം വെട്ടുകാര്‍ കുട്ടികളില്‍ ഒരാളുടെ നിലവിളി കേട്ടു. ചെന്നുനോക്കിയപ്പോള്‍ രണ്ടു ആണ്‍കുട്ടികളും വെറും മണ്ണില്‍ കിടക്കുന്നു. വിശപ്പും വേദനയും മൂലം നടക്കാന്‍ പോലുമാകാതെ തളര്‍ന്ന് കിടക്കുകയായിരുന്നു അവര്‍. ദിവസങ്ങളായി ഭക്ഷണമില്ലാതിരുന്നതിനാല്‍ അവര്‍ മെലിഞ്ഞും, അവശനിലയിലുമായിരുന്നു. ശരീരത്തിന്റെ പലയിടത്തും ഉരഞ്ഞു പൊട്ടിയ പാടുകളുണ്ടായിരുന്നു. കാട്ടില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് തങ്ങള്‍ ഒന്നും കഴിച്ചിട്ടില്ലെന്നും, വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും അവര്‍ മാതാപിതാക്കളോട് പറഞ്ഞു.

വീട്ടില്‍ നിന്ന് ഏകദേശം നാല് മൈല്‍ അകലെയായാണ് അവരെ കണ്ടെത്തിയത്. തുടര്‍ന്ന്, ഗ്ലേക്കോയെയും ഗ്ലെയ്സണെയും മണിക്കോറിലെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാനൗസിലെ മറ്റൊരു ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ വഴി അവരെ എത്തിച്ചു. ”കടുത്ത പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും കാരണം അവര്‍ അവശരാണ്. പക്ഷേ അവരുടെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്. അവരുടെ ജീവനും ഭീഷണിയില്ല,”- വടക്കന്‍ നഗരമായ മനൗസിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ജനോരിയോ കാര്‍നെറോ ഡ കുന്‍ഹ നെറ്റോ മാധ്യമങ്ങളോട് പറഞ്ഞു.

മഴവെള്ളവും, തടാകത്തിലെ ജലവും, കാട്ടിനുള്ളില്‍ കിട്ടുന്ന പഴമായ സോര്‍വയും കഴിച്ചാണ് അവര്‍ അതിജീവിച്ചതെന്ന് നെറ്റോ പറഞ്ഞു. കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കൊണ്ട് സമ്പുഷ്ടമാണ് സോര്‍വ. കാടിന്റെ ഒരു വിദൂര ഭാഗത്ത് നിന്ന് കുട്ടികളെ ബോട്ടില്‍ കൊണ്ടുപോകുന്ന വീഡിയോ ആമസോണ്‍ മനാസ് പോസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു.