ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ തടവിലാക്കിയ ബ്രിട്ടീഷുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇരുവരുടെയും കുടുംബങ്ങൾ അവരുമായി സംസാരിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. കെവിൻ കോൺവെൽ(53), മൈൽസ് റൗട്ട്‌ലെഡ്ജ് (23), ഒപ്പം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളുമാണ് താലിബാന്റെ തടവിലാക്കപ്പെട്ടത്. വീട്ടുകാരോട് സംസാരിച്ചപ്പോൾ ഇരുവർക്കും ആശ്വാസമായി. ഇവരുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ നടക്കുകയാണെന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുന്നത്.

ഇത്തരത്തിൽ പ്രതിസന്ധിയിലായ ആളുകളെ സഹായിക്കുന്ന യുകെ ആസ്ഥാനമായുള്ള സംഘടനയായ പ്രെസിഡിയത്തിന്റെ ഇടപെടൽ മൂലമാണ് ഇരുവർക്കും ബന്ധുക്കളുമായി സംസാരിക്കാൻ സാധിച്ചത്. കെവിനുമായി സംസാരിക്കാൻ സാധിച്ചതിൽ സന്തോഷകരമായിരുന്നെന്നും കുടുംബം വ്യക്തമാക്കി. മൂന്ന് മാസത്തിനിടയിൽ ആദ്യമായാണ് കെവിന്റെ ശബ്ദം കേൾക്കുന്നതെന്നും അവർ കൂട്ടിചേർത്തു. ഉടൻ തന്നെ യുകെയിൽ ഇരുവർക്കും എത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് കുടുംബം പറഞ്ഞു. മിഡിൽസ്‌ബ്രോയിൽ ചാരിറ്റി ഗ്രൂപ്പിൽ ജോലി ചെയ്യുന്ന കോൺവെല്ലിനെയും മൂന്നാമനെയും ജനുവരി 11 നാണ് കസ്റ്റഡിയിൽ എടുത്തത്.

എന്നാൽ, കോൺവെല്ലിനെ മുറിയിൽ ആയുധം സൂക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലൈസൻസ് നഷ്ടപ്പെട്ടതാണ് നടപടിക്ക് കാരണമെന്നും അധികൃതർ പറയുന്നു.
അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം നൽകിയ ലൈസൻസ് ഉപയോഗിച്ചാണ് ആയുധം സൂക്ഷിച്ചിരിക്കുന്നതെന്നും എന്നാൽ ലൈസൻസ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ കസ്റ്റഡിയിൽ എടുത്ത ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ മുന്നേറുകയാണെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു.