ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് നഗരത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 12:16 ഓടെയാണ് ഇൽഫോർഡിലെ ഹെൻലി റോഡിൽ വെടിവെപ്പ് നടന്നത്. ഉടൻതന്നെ ആം പോലീസ് സ്ഥലത്തെത്തുകയും സംഭവത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു.

ഇരുപത്തിമൂന്നും, മുപ്പതും വയസ്സുള്ള രണ്ടു പേരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. മുപ്പതു വയസ്സുകാരനായ ഒരാൾ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കാർ റോണി ലെയിനിൽ നിന്നും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തുടക്കത്തിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പടക്കങ്ങളുടെ ശബ്ദമാകാം എന്ന തെറ്റിദ്ധരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലം ഫോറൻസിക് അധികൃതർ പരിശോധന നടത്തി. ഇത്തരം ഒരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ എല്ലാവരും തന്നെ. ശബ്ദം കേട്ട് അടുത്ത താമസിക്കുന്നവരിൽ ഒരാൾ തന്നെയാണ് 999 ൽ വിളിച്ചു അധികൃതരെ വിവരമറിയിച്ചത്. ഉടൻതന്നെ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. നിലവിലെ സാഹചര്യത്തിൽ വ്യക്തമായി ഒന്നും പറയാനാവില്ലെന്നും അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.