ജര്‍മ്മനിയില്‍ 70 ശതമാനം പേര്‍ക്കും (മൂന്നില്‍ രണ്ട്) കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന് ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍. ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി. പ്രതിസന്ധി എവിടെച്ചെന്ന് അവസാനിക്കുമെന്ന് അറിയില്ല. എന്നാല്‍ ഇത് വലിയ റിസ്‌കാണ്. വൈറസ് എത്തുമ്പോള്‍ ജനങ്ങള്‍ക്ക് മതിയായ പ്രതിരോധ സംവിധനങ്ങള്‍ ഇല്ലാതിരിക്കുകയും വാക്‌സിനേഷനും ചികിത്സയും ഇല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം 60-70 പേര്‍ക്കൊക്കെ വൈറസ് ബാധിക്കാം – മെർക്കൽ പറഞ്ഞു. അതേസമയം മെര്‍ക്കല്‍ ഭീതി പരത്തുകയാണ് എന്ന് കുറ്റപ്പെടുത്തി, രൂക്ഷവിമര്‍ശനവുമായി ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്ദ്രെ ബാബിസ് പറഞ്ഞു.

ജര്‍മ്മനി ഇതുവരെ മൂന്ന് കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 1567 കൊറോണ കേസുകളാണ് ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മ്മന്‍ എംപിമാര്‍ക്ക് കൊറോണ പോസിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ഒരു എംപിയെ ക്വാറന്റൈന്‍ ചെയ്തതായി ലിബറല്‍ ഫ്രീ ഡെമോക്റ്റാറ്റിക്ക് പാര്‍ട്ടി അറിയിച്ചു. ഒരു രാജ്യമെന്ന രീതിയില്‍ സാധ്യമായതെന്തും ചെയ്യുമെന്നും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.