ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞതായുള്ള കണക്കുകൾ പുറത്തുവന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ . നേരത്തെ പ്രവചിച്ചിരുന്നതിന് വിപരീതമായി ആഭ്യന്തര ഉൽപാദനം 0. 1 ശതമാനം കുറവ് രേഖപ്പെടുത്തിയാണ് ആശങ്കയ്ക്ക് കാരണം. നേരത്തെ 0.2% ഉയർന്ന ആഭ്യന്തര വരുമാനം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

സമ്പദ് വ്യവസ്ഥ തുടർച്ചയായി രണ്ട് മൂന്ന് മാസ കാലയളവിലേയ്ക്ക് ചുരുങ്ങുമ്പോഴാണ് സാധാരണയായി സാമ്പത്തിക മാന്ദ്യം ആയി എന്ന് വിലയിരുത്തുന്നത്. കുറച്ചുകാലമായി യുകെയുടെ ദുർബലമായ സാമ്പത്തിക വളർച്ചയെക്കുറിച്ച് കടുത്ത ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മാന്ദ്യം ഒഴിവാക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ നേരിയ തോതിൽ മാന്ദ്യം ആരംഭിച്ചതായി ക്യാപിറ്റൽ ഇക്കണോമിക്സിലെ യു കെ സാമ്പത്തിക ശാസ്ത്രജ്ഞൻ ആഷ്‌ലി വെബ് പറഞ്ഞു.

സാമ്പത്തിക മാന്ദ്യം യുകെ മലയാളികളെയും പ്രതികൂലമായി ബാധിക്കും. കമ്പനികൾ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കുന്നത് വിദ്യാർത്ഥി വിസയിലും മറ്റും എത്തിച്ചേരുന്ന മലയാളികളുടെ തൊഴിലവസരത്തെ കാര്യമായി ബാധിച്ചേക്കാം. സാമ്പത്തിക വളർച്ച മുരടിക്കുന്നത് തൊഴിലവസരങ്ങളെയും ജോലിയെയും പ്രതികൂലമായി ബാധിക്കും. കമ്പനികൾ കൂടുതൽ ലാഭത്തിൽ ആയാൽ മാത്രമേ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സ്ഥാപനങ്ങൾ ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുകയുള്ളൂ.. സാമ്പത്തിക മാന്യകാലത്ത് കമ്പനികൾ ചെലവ് വെട്ടി കുറയ്ക്കുന്നതിനാൽ തൊഴിലില്ലായ്മ വർദ്ധിക്കും. ഇത് കൂടാതെ പഠനം കഴിഞ്ഞ തുടക്കക്കാർക്ക് ജോലി ലഭിക്കുന്നതും ബുദ്ധിമുട്ടിലാകും.