കണ്ണൂർ പയ്യന്നൂരിലെ സി.പി.എം പ്രവർത്തകനും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.വി. ധൻരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് കോടതി കൊലക്കുറ്റത്തിന് ഉത്തരവാദികളായി കണ്ടെത്തിയത്. സഹോദരങ്ങളാണ് വിപിനും വൈശാഖും. കേസിൽ പ്രതികളായിരുന്ന നാല് മുതൽ 20 വരെയുള്ള 16 പേരെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ടു. കേസിലെ 12-ാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടതിനാൽ 19 പേരുടെ വിചാരണയാണ് പൂർത്തിയായത്. 2025 സെപ്റ്റംബറിൽ ആരംഭിച്ച വിചാരണയിൽ 43 സാക്ഷികളെ കോടതി വിസ്തരിക്കുകയും 177 രേഖകളും 33 ഭൗതിക തെളിവുകളും പരിശോധിക്കുകയും ചെയ്തു. നവംബർ 25ന് മൂന്ന് പ്രതികൾക്കുമുള്ള ശിക്ഷ പ്രഖ്യാപിക്കും.

2016 ജൂലൈ 11നാണ് പയ്യന്നൂർ രാമന്തളി കുന്നരുവിലെ വീട്ടുമുറ്റത്ത് വെച്ച് ധൻരാജ് ക്രൂരമായ ആക്രമണത്തിനിരയായത്. രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലെത്തിയ 40കാരനായ ധൻരാജിനെ പിന്തുടർന്നെത്തിയ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അമ്മയുടെയും ഭാര്യയുടെയും കൺമുന്നിലായിരുന്നു ആക്രമണം. ശരീരത്തിൽ 37 വെട്ടുകളേറ്റിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും മറ്റ് സാക്ഷികളുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ധൻരാജിന്റെ അമ്മയുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകത്തിന്റെ ക്രൂരതയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഇത്രയധികം ക്രൂരമായി ഒരാളെ വെട്ടിക്കൊലപ്പെടുത്തുന്നത് ഇറച്ചിക്കടയിൽ പോലും കാണാൻ കഴിയാത്തതാണെന്ന് നിരീക്ഷിച്ചു. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ കണക്കാക്കാനാവില്ലെന്നും അതിനാൽ വധശിക്ഷ നൽകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ശിക്ഷയുടെ കാര്യത്തിൽ പ്രതികൾക്ക് ദാക്ഷിണ്യം പ്രതീക്ഷിക്കേണ്ടതില്ലെന്നും പരമാവധി ശിക്ഷ നൽകുമെന്നും കോടതി സൂചിപ്പിച്ചു. പത്ത് വർഷത്തിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലെ വിധി പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യത്തിലും പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ധൻരാജിന്റെ പേരിൽ സമാഹരിച്ച രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും സമീപകാലത്ത് സി.പി.എമ്മിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിരുന്നു.