തിരുവനന്തപുരം: ട്രെയിനിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിലെ ശുചിമുറിയിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ വർക്കല ഇടവ സ്വദേശി അരവിന്ദ് (22) റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലായി.
വയനാട്ടിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന അരവിന്ദിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ചേച്ചിയുടെ അഡ്മിഷൻ ആവശ്യത്തിനായി കുടുംബാംഗങ്ങൾക്കൊപ്പമാണ് പെൺകുട്ടി യാത്ര ചെയ്തിരുന്നത്. പ്രതിയുടെ അതിക്രമത്തിൽ പെൺകുട്ടി ബഹളം വച്ചതോടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ഓടിയെത്തി യുവാവിനെ പിടികൂടി റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
ട്രെയിനുകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്നിറങ്ങിയ യുവതിക്കു നേരെയും ലൈംഗികാതിക്രമവും ആക്രമണവും നടന്നിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ പൊലീസ് പിടികൂടിയിരുന്നു. തുടർച്ചയായ സംഭവങ്ങൾ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമാക്കിയിട്ടുണ്ട്.











Leave a Reply