നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍. വിദേശത്ത് നിന്നുള്‍പ്പെടെ ഭീഷണി കോളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി തുടര്‍ന്നും സഹകരിക്കുമെന്നും ബാലചന്ദ്രകുമാര്‍  പറഞ്ഞു. ദിലീപില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

തനിക്ക് അപകട ഭീഷണിയുണ്ടെന്നത് ഒരു തോന്നലല്ല. എനിക്ക് ബോധ്യമായ ഇടത്ത് നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പൊലീസിനെ സമീപിച്ചത്. ഫെബ്രുവരി 16 ന് കേസിന്റെ വിധി വരുന്നത് വരെ നീ പുറത്തു പോലും ഇറങ്ങരുതെന്ന് എന്ന് ദിലീപിനൊപ്പമുള്ളൊരാള്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരാതി നല്‍കിയത്.

ഞാന്‍ മരണപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ദിവസേന അഞ്ചോ പത്തോ കോളുകള്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്നുണ്ട്. ഏത് സമയത്തും താനപകടപ്പെടാം എന്ന് പറഞ്ഞ് കോളുകള്‍ കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ നിന്നായി വരുന്നുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ഏത് സമയത്തും എനിക്കൊരപകടം നേരിടാം എന്ന് പ്രതീക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പ്രതി പ്രബലനാണെന്നും പുറത്തിറങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി. വിധിയില്‍ തനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.