ലണ്ടന്‍: യു.കെയിലെ മില്യണിലധികം വരുന്ന സാധാരണക്കാരുടെ കുടുംബച്ചെലവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായേക്കും. എനര്‍ജി ബില്ലുകള്‍ മാത്രമായി വര്‍ഷത്തില്‍ 117 പൗണ്ടിന്റെ വര്‍ദ്ധവുണ്ടാകുമെന്നാണ് കരുതുന്നത്. പുതുക്കിയ എനര്‍ജി നിരക്കുകള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മധ്യവര്‍ഗ്ഗ കുടുംബങ്ങളെയാണ് പുതിയ നികുതി വര്‍ദ്ധനവ് കാര്യമായി ബാധിക്കുകയെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് നടത്തിയ ഗവേഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കൗണ്‍സിലുകള്‍ നികുതി വര്‍ധനവിന് ഉത്തരവിടുമെന്ന് വ്യക്തമായിട്ടുണ്ട്. 97 ശതമാനം കൗണ്‍സിലുകളും 2019-20 കാലഘട്ടങ്ങളില്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവ് നടപ്പിലാക്കും. ഇതില്‍ 75 ശതമാനം കൗണ്‍സിലുകളും 2.5 ശതമാനം നികുതി വര്‍ധനവാണ് ലക്ഷ്യമിടുന്നത്. ഇത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കും.

നിലവില്‍ കൗണ്‍സില്‍ നികുതി വര്‍ധനവ് മാത്രമായി കാര്യങ്ങള്‍ ഒതുങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോഡ് ബാന്റ് ആന്റ് ഫോണ്‍ ബില്ലുകള്‍, വാട്ടര്‍ ബില്ല് തുടങ്ങി സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയിലേക്കാണ് ഒരോ വര്‍ഷത്തെ ചെലവുകളും വര്‍ധിക്കുന്നത്. ഏപ്രില്‍ 1-ാം തിയതിയോടെ പല ഹൗസ്‌ഹോള്‍ഡ് ബില്ലുകളിലും മാറ്റം വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. എനര്‍ജി മേഖലയില്‍ നില്‍ക്കുന്ന ഭീമന്‍ കമ്പനികളും ഉടന്‍ നിരക്ക് വര്‍ധനവ് നടപ്പിലാക്കും. ഇയോണ്‍(Eon), ഇഡിഎഫ്(EDF), എന്‍പവര്‍(Npower) തുടങ്ങി കമ്പനികളാണ് എനര്‍ജി താരിഫില്‍ വര്‍ധനവ് നടപ്പിലാക്കാനൊരുങ്ങുന്നത്. വര്‍ധനവ് നടപ്പിലായാല്‍ വര്‍ഷം 1,254 പൗണ്ട് എനര്‍ജി ബില്ലുകള്‍ക്ക് മാത്രമായി നല്‍കേണ്ടി വരും.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശരാശരി വാട്ടര്‍ ബില്ല് വര്‍ഷത്തില്‍ 8 മുതല്‍ 415 പൗണ്ട് വരെ വര്‍ധിച്ചേക്കും. പുതിയ നിരക്ക് ഏപ്രിലിലാണ് പ്രാബല്യത്തിലാവുക. ബ്രോഡ്ബാന്റ്, ഫോണ്‍ ബില്ലുകളിലും ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സ്‌കൈ(SKY) നെറ്റ്‌വര്‍ക്ക് മാസം 5.1 ശതമാനം വര്‍ധനവുണ്ടാകും. അല്ലെങ്കില്‍ ശരാശരി 3.50 പൗണ്ട് വര്‍ധനവ്. വെര്‍ജിന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയുണ്ടാകും. വര്‍ഷത്തില്‍ 150 പൗണ്ട് വരെയാണ് വെര്‍ജിന്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരിക. ഒ2(O2) ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ കമ്പനികളുടെ താരിഫില്‍ 2.5 ശതമാനം വര്‍ധനവുണ്ടാകും.