യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊടിയേറും. സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കുന്ന കൺവെൻഷനിൽ യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.

23,24,25 തീയതികളിൽ സിറിൽ ബസ്സേലിയോസ് കാതോലിക്കോസ് നഗർ എന്ന് നാമകരണം ചെയ്തിരിക്കുന്ന വെയിൽസിലുള്ള കഫൻലീ പാർക്കിൽ വെച്ചാണ് എട്ടാമത് മലങ്കര കൺവെൻഷൻ നടത്തപ്പെടുന്നത്.

“നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ” (മത്തായി 5/16). എന്ന വിശുദ്ധ വചനമാണ് ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന്റെ ആപ്തവാക്യം. ഈ വിഷയവുമായി ബന്ധപ്പെട്ട ക്‌ളാസ്സുകളും സെമിനാറുകളും നടത്തപ്പെടും. മലങ്കര യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായും മതബോധന വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായും പ്രത്യേകം ക്‌ളാസ്സുകൾ നടത്തപ്പെടും. ബൈബിൾ ക്വിസ്, കൾച്ചറൽ പ്രോഗ്രാം കായിക വിനോദങ്ങൾ, വിശ്വാസ പ്രഖ്യാപനറാലി, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം, വിശുദ്ധ കുർബാന എന്നിവയായിരിക്കും നടത്തപ്പെടുക.

മലങ്കര കത്തോലിക്കാസഭയുടെ അയർലണ്ട് കോർഡിനേറ്റർ വെരി.റവ. ഫാ. ചെറിയാൻ താഴമൺ, ശ്രീ ജിത്തു ദേവസ്യ, ശ്രീ ജോബി വർഗീസ് മുതലായവർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യും.

സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി രൂപീകരിച്ച സുവിശേഷസംഘത്തിന്റെ പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ അംഗങ്ങൾക്ക് അഭിവന്ദ്യ ബാവാതിരുമേനി വിശുദ്ധ കുർബാനമധ്യേ കൈവെപ്പ് നൽകും. യുകെ സഭയിൽ നിന്നും ദൈവസന്നിധിയിലേക്ക് ചേർക്കപെട്ടവർക്കായി പ്രത്യേക പ്രാർത്ഥന വിശുദ്ധ കുർബാന മദ്ധ്യേ നടത്തപ്പെടും.

ജി സി എസ്‌ സി, എ ലെവൽ, ഉന്നത വിദ്യാഭാസം, സണ്ടേസ്കൂൾ 12ആം ക്ലാസ്സ് പാസായവർ, വിവാഹജീവിതത്തിൽ 25 വർഷം പൂർത്തിയായവർ, കൺവെൻഷൻ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്നവർ, എന്നിവരെ ആദരിക്കും. അവയവദാനം പ്രത്സാഹിപ്പിക്കുന്നതിനായി യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നടത്തും.

പ്രകാശ് അഞ്ചൽ രചിച്ചു പീറ്റർ ചേരാനല്ലൂർ ഈണം പകർന്നു അഭിജിത് കൊല്ലം ആലാപനം ചെയ്ത കൺവെൻഷൻ തീം സോങ് ഇന്ന് പ്രകാശനം ചെയ്യും. ശ്രീ റിജോ കുഞ്ഞുകുട്ടി രൂപകൽപന ചെയ്ത കൺവെൻഷൻ ലോഗോ നേരത്തെ പ്രകാശനം ചെയ്തിരുന്നു. കൺവെൻഷന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിർ പ്രകാശനം സമാപന സമ്മേളനത്തിൽ നടത്തപ്പെടും.

യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഫാ. ഡോ. കുര്യാക്കോസ് തടത്തിൽ നേതൃത്വം നൽകുന്ന മലങ്കര നാഷണൽ കൗൺസിലിന്റെ കീഴിൽ വൈദികരുടെ ചുമതലയിൽ രൂപീകരിച്ച വിവിധ കമ്മറ്റികളാണ് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നത്.