യുകെയിലെ കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനായ വക്കം ജി. സുരേഷ്‌കുമാര്‍ (തമ്പി) ലണ്ടനില്‍ മാത്രമല്ല യുകെയില്‍ മലയാളികളുടെ ഇടയില്‍ വളരെ സ്വീകാര്യനായ കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. 1979 യുകെയില്‍ എത്തിയ സുരേഷ്‌കുമാര്‍ സാംസ്‌കാരിക രംഗത്ത് സജീവമായി സാന്നിധ്യമായിരുന്നു. ഗായകന്‍ എന്ന നിലയില്‍ ലഭിക്കുന്ന വേദികളില്‍ പാടിത്തുടങ്ങിയ അദ്ദേഹം എം.എ.യു.കെയുടെ നാടകവേദി ദൃശ്യകല അവതരിപ്പിച്ച നാടകങ്ങളില്‍ സ്ഥിരമായി അഭിനയിക്കുവാന്‍ തുടങ്ങി. അതോടൊപ്പം തന്നെ തമിഴ്, മലയാളം, ഹിന്ദി ഭജനകള്‍ നടത്തിയത് ഇതര ഭാഷക്കാരുടെ ഇടയില്‍ സുപ്രസിദ്ധനാക്കി.

ആ കാലങ്ങളില്‍ ഈസ്റ്റ് ഹാമില്‍ നടന്ന എല്ലാ സ്റ്റേജ് ഷോകളുടെയും വിജയത്തിന്റെയും പിന്നില്‍ സുരേഷ്‌കുമാറിന്റെ സംഘടക മികവും ഉണ്ടായിരുന്നു. ആ കാലത്ത് പ്രേം നസീര്‍, യേശുദാസ്, മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരുമായി ഇടപെടുവാന്‍ ഇടയായി. ശ്രീ നാരായണ ഗുരു മിഷന്‍ പ്രവര്‍ത്തങ്ങളിലും സജീവമായി ഇടപെടുന്നതോടൊപ്പം മറ്റു
സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്യുവാന്‍ സമയം കണ്ടെത്തുന്നു. ഇപ്പോള്‍ ശ്രീ നാരായണ ഗുരു മിഷന്റെ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ആര്‍ട്‌സ് സെക്രട്ടറിയും ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ റിട്ടയര്‍മെന്റ് വിഭാഗത്തിന്റെ മാനര്‍പാര്‍ക്ക് ബ്രാഞ്ച് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.

മറ്റൊരു അവാര്‍ഡ് ജേതാവായ ബീനാ പുഷ്‌കാസിന്റെയും കലാപ്രവര്‍ത്തനങ്ങളുടെ തട്ടകം ശ്രീ നാരയണ ഗുരു മിഷനും എം.എ.യു.കെയുമാണ്. തിരുവാതിര, ഒപ്പന തുടങ്ങിയ നൃത്തരൂപങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ബീന പുഷ്‌കാസ് നല്ലൊരു അഭിനേത്രിയുമാണ്. ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ബീന ഇപ്പോള്‍ ശ്രീ നാരായണ ഗുരു മിഷന്റെ നേതൃത്വത്തില്‍ അരങ്ങളിലെത്തുന്ന നാടകത്തിലും അഭിനയിക്കുന്നു. 1986ല്‍ യു.കെയില്‍ എത്തിയ ബീന ആദ്യം സൗത്താളിലും കഴിഞ്ഞ 20 വര്‍ഷമായി ഈസ്റ്റ് ഹാമിലും താമസിച്ചു തന്റെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പുതിയ തലമുറയില്‍ കുട്ടികളായിരിക്കുമ്പോള്‍ ഡാന്‍സിലും മറ്റും താല്‍പ്പര്യം കാണിക്കുമെങ്കിലും കൗമാരത്തിലേക്ക് കടക്കുമ്പോള്‍ കലാരംഗത്ത് നിന്ന് അകന്നു പോകുന്ന കാഴ്ചയാണ് കാണുന്നത്. അവര്‍ക്കിടയില്‍
വേറിട്ട മാതൃകയാണ് ബീന പുഷ്‌കാസ്.