ബിബിന്‍ എബ്രഹാം

കെന്റ്: കഴിഞ്ഞ ഞായറാഴ്ച്ച കെന്റിലെ ടൊണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തിയ കാര്‍ണിവലില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സഹൃദയ-ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് ബ്രിട്ടീഷ് മണ്ണില്‍ ചരിത്രം രചിച്ചത് മലയാള തനിമയുടെ വര്‍ണ്ണശബളമായ വിസ്മയ കാഴ്ച്ചകളൊരുക്കി.

ഇത് രണ്ടാം തവണയാണ് വെസ്റ്റ് കെന്റിലെ ഈ മലയാളി കൂട്ടായ്മ അതിന്റെ ചരിത്രത്താളുകളില്‍ സ്വര്‍ണ ലിപികളാല്‍ രചിക്കുവാന്‍ ഉതകുന്ന വിസ്മയ പ്രകടനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

നാട്ടിലെ ഘോഷയാത്രകളെ വെല്ലും വിധം നയനമനോഹര കാഴ്ച്ചയുടെ മാരിവില്ല് ഒരുക്കി ഇന്ത്യന്‍ ദേശീയ പതാകയുടെ പിന്നില്‍ സഹൃദയയുടെ അംഗങ്ങള്‍ പാരമ്പര്യ വേഷവിധാനങ്ങള്‍ ധരിച്ച് അണിനിരന്നപ്പോള്‍ അത് തിങ്ങി നിറഞ്ഞ കാണികള്‍ക്ക് ഒരു അനുപമ കാഴ്ച്ചയായി.

നെറ്റി പട്ടം കെട്ടിയ ആനയുടെ രൂപത്തിനൊപ്പം താലപ്പൊലിയേന്തി വനിതകളും, മുത്തു കുട ചൂടി പുരുഷന്മാരും, കാര്‍ണിവല്‍ തീം അനുസരിച്ചുള്ള മുഖം മൂടികളും വസ്ത്രങ്ങളും അണിഞ്ഞ് കുട്ടികളും, കേരളീയ തനത് കലാരൂപങ്ങള്‍ ആയ പുലിക്കളിയും മയിലാട്ടവും ചെണ്ടമേളവും, കഥകളിയും, തെയ്യവും ടൊണ്‍ ബ്രിഡ്ജിന്റെ വീഥികളില്‍ നിറഞ്ഞാടിയപ്പോള്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മറ്റൊരു ദൃശ്യവിരുന്നായി.


ഏകദേശം അയ്യായിരത്തോളം കാണികളും മുപ്പത്തോളം പ്ലോട്ടുകളും പങ്കെടുത്ത ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ കടന്നു വന്നപ്പോള്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ നിലയ്ക്കാത്ത കരഘോഷത്താലും ആര്‍പ്പുവിളികളോടെയുമാണ് സ്വീകരണമൊരുക്കിയത്. പിന്നെ മലയാളത്തിന്റെ മുഗ്ധസൗന്ദര്യം ഒപ്പിയെടുക്കുവാന്‍ സ്വദേശികള്‍ മത്സരിക്കുന്ന നിറപ്പകിട്ടാര്‍ന്ന കാഴ്ചക്കാണ് ടൊണ്‍ ബ്രിഡ്ജ് സാക്ഷ്യം വഹിച്ചത്.

ഘോഷയാത്രയ്ക്കു ശേഷം കാസില്‍ ഗ്രൗണ്ടില്‍ നടന്ന നടന വിസ്മയങ്ങളില്‍ സഹൃദയയുടെ കുട്ടികളും വനിതകളും ചേര്‍ന്ന അവതരിപ്പിച്ച വശ്യസുന്ദരമായ നടന വൈഭവം കാണികള്‍ക്കു അവിസ്മരണീയമായ കാഴ്ച്ചയുടെ നിറക്കൂട്ട് തന്നെ ചാര്‍ത്തി.

ഒപ്പം സഹൃദയ ടീം ഒരുക്കിയ ഫുഡ് സ്റ്റാളിലെ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുവനായി സ്വദേശികളും വിദേശികളും മല്‍സരിച്ചപ്പോള്‍ അത് സഹൃദയക്കു ലഭിച്ച മറ്റൊരു അംഗീകാരമായി.

ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും, ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാനും അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ സഹൃദയനോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് സണ്ണി ചാക്കോയും വൈസ് പ്രസിഡന്റ് സുജ ജോഷിയും അറിയിക്കുകയാണ്.

കാര്‍ണിവലിന്റെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയും കാണുവാന്‍ സന്ദര്‍ശിക്കുക- https://www.facebook.com/sahrudaya.uk/