ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ ആദ്യ കാല മലയാളികളിൽ ഒരാളായിരുന്ന ജെറാള്‍ഡ് (62) ആള്‍ക്കൂട്ട ആക്രമണത്തില്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഈലിംഗ് സ്ട്രീറ്റിൽ വച്ചാണ് ജെറാൾഡ് ആക്രമിക്കപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ജെറാള്‍ഡിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇതിന് പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. കേരളത്തിൽ തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശികളാണ് ജെറാള്‍ഡും കുടുംബവും.

ജെറാള്‍ഡിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണം അര്‍ധരാത്രി കഴിഞ്ഞാണ് നടന്നതെന്ന് കരുതപ്പെടുന്നു. ഹാന്‍ഡ് വെലിലെ ഉക്‌സ്ബ്രിജ് റോഡില്‍ നിന്നുമാണ് പോലീസ് ജെറാള്‍ഡിനെ കണ്ടെത്തുന്നത്. വാരാന്ത്യത്തിൽ ആക്രമണങ്ങൾ കൂടി വരുന്നതിനാൽ ഈ പ്രദേശത്തെ പട്രോളിംഗ് പോലീസ് കൂട്ടിയിരുന്നു. ഈ ഉദ്യോഗസ്ഥരാണ് അവശ നിലയിൽ ജെറാള്‍ഡിനെ കണ്ടെത്തിയത്.

ആക്രമണത്തിന് പിന്നാലെ ഉടൻ തന്നെ റോഡുകൾ അടച്ചിട്ട പോലീസ് അക്രമികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 16 വയസ്സുള്ള രണ്ട് പേരെയും 20 വയസ്സ് പ്രായമുള്ള ഒരാളെയുമാണ് പോലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തത്‌. നാൽപ്പത് വർഷം മുൻപ് ലണ്ടനിൽ കുടിയേറിയവരാണ് ജെറാള്‍ഡിന്റെ മാതാപിതാക്കള്‍. ഭാര്യയും മക്കളും യുകെയിൽ തന്നെ ആയതിനാൽ സംസ്‌കാരം യുകെയിൽ തന്നെ ആയിരിക്കും എന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

ജെറാള്‍ഡിൻെറ ആകസ്‌മിക മരണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.